ക്വട്ടേഷൻ സംഘങ്ങളെ സംരക്ഷിക്കുന്ന സി.പി.എം നയം തിരുത്തണം

നാദാപുരം: സ്വർണക്കവർച്ചക്കാരെയും, ക്വട്ടേഷൻ സംഘങ്ങളെയും പിന്തുണ നൽകി പ്രോത്സാഹിപ്പിക്കുന്ന സി.പി.എം നയം തിരുത്തണമെന്ന് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻറ്​ സൂപ്പി നരിക്കാട്ടേരി, ജനറൽ സെക്രട്ടറി എൻ.കെ. മൂസ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. സ്വർണ വ്യാപാരിയുടെ പണം കവർന്നതുമായി ബന്ധപ്പെട്ടു വരിക്കോളിയിലെ ഡി.വൈ.എഫ്.ഐ നേതാവ് നിജേഷ് പാർട്ടിയുടെ സംരക്ഷണത്തിലാണ് ക്വട്ടേഷൻ ഏറ്റെടുത്ത് നടപ്പിലാക്കിയത്. പാർട്ടിയിൽ നിന്ന് ഇപ്പോൾ പുറത്താക്കി മുഖം രക്ഷിക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നത്. നാദാപുരത്ത് മുമ്പ്​ നടന്ന കലാപങ്ങളിൽ പങ്കാളികളായി കൊള്ളയും, കൊള്ളിവെപ്പും നടത്തി ശീലിച്ചവരാണ് ഇപ്പോൾ സ്വർണ കവർച്ചയടക്കമുള്ള പ്രവൃത്തികളിൽ ഏർപ്പെടുന്നത്. അന്ന് അവരെയൊക്കെ പാർട്ടി സംരക്ഷിക്കുകയായിരുന്നു. പാർട്ടിയേക്കാൾ വലുതായി ഈ സംഘങ്ങൾ ഇന്ന് നാട്ടിലാകെ അരാജകത്വം സൃഷ്​ടിക്കുകയാണ്. ഗുണ്ടാ-ക്വട്ടേഷൻ സംഘങ്ങളെ നിലക്കുനിർത്താൻ കഴിയണമെങ്കിൽ അവരെ സഹായിക്കുന്ന സി.പി.എം നിലപാട് തിരുത്തിയേ മതിയാകൂ. നാട്ടിൽ അരാജകത്വം സൃഷ്ടിക്കുന്നവർക്കെതിരെ എല്ലാവരും ഒന്നിച്ചുനിന്ന് എതിർക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.