ലക്ഷങ്ങൾ മുടക്കി നിർമിച്ച ആയഞ്ചേരി മത്സ്യമാർക്കറ്റ് അടച്ചിട്ട് ഒരു വർഷം

ആയഞ്ചേരി: ലക്ഷങ്ങൾ മുടക്കി നിർമിച്ച ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മത്സ്യമാർക്കറ്റ് അടഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞിട്ടും തുറന്നുപ്രവർത്തിക്കാനുള്ള നടപടിയായില്ല. കഴിഞ്ഞ വർഷത്തെ ലേലത്തിൽ തൊട്ടുമുമ്പത്തെ വർഷത്തെ ലേലത്തുകയിലും കുറഞ്ഞ സംഖ്യ വിളിച്ചതിനാൽ നിയമപരമായി ലേലം ഉറപ്പിക്കണമെങ്കിൽ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ തീരുമാനമെടുക്കണം. എന്നാൽ, പഞ്ചായത്ത് മത്സ്യ മാർക്കറ്റ് തുറന്നുപ്രവർത്തിക്കാനുള്ള നടപടി സ്വീകരിക്കുന്നതിനുപകരം മത്സ്യമാർക്കറ്റിനു പുറത്ത്, ടൗണിൽ നാലോളം താൽക്കാലിക മത്സ്യ ബൂത്ത് ആരംഭിക്കാനുള്ള അനുവാദം നൽകുകയാണുണ്ടായത്. മത്സ്യമാർക്കറ്റിനു പുറത്ത് താൽക്കാലിക മത്സ്യബൂത്ത് അനുവദിക്കുന്നതിലൂടെ മത്സ്യംവാങ്ങാൻ മാർക്കറ്റിലെത്താതെ പുറത്തുള്ള ബൂത്തിൽനിന്ന് ആളുകൾ മത്സ്യം വാങ്ങിപ്പോകുന്നതിനാൽ മാർക്കറ്റിലെ കച്ചവടം കുറഞ്ഞതുകാരണം നേരത്തേ ലേലം എടുത്ത ആൾക്ക് നഷ്​ടം വന്നതിനാലാണ് കഴിഞ്ഞ വർഷത്തെ ലേലത്തുകയിലും കുറഞ്ഞ സംഖ്യക്ക്​ ലേലം വിളിക്കേണ്ടിവന്നത്. മാർക്കറ്റ് അടച്ചതുകാരണം മത്സ്യ മാർക്കറ്റിൽ കച്ചവടം ചെയ്തിരുന്ന പരമ്പരാഗത കച്ചവടക്കാർ ജോലിചെയ്യാൻ കഴിയാതെ ദുരിതമനുഭവിക്കുകയാണ്. കൂടാതെ, അശാസ്ത്രീയമായ നിർമാണം കാരണം മാർക്കറ്റിലെ മലിനജലം ഒഴുക്കാനുള്ള ടാങ്ക്, ശുദ്ധജല ലഭ്യത എന്നിവയും പരാതിക്കിടയാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.