കാട്ടാന ആക്രമണം: വനം വകുപ്പിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കോഴിക്കോട് : ജില്ലാതിർത്തിയായ കോനൂർ കണ്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടാഴ്ചക്കിടെ രണ്ട് ജീവൻ പൊലിഞ്ഞതിന് പിന്നിൽ വനംവകുപ്പി​‍ൻെറ അനാസ്ഥയാണെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തി അടിയന്തര വിശദീകരണം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. മുഖ്യ വനപാലകനും ജില്ല വനപാലകനും രണ്ടാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയ രജിസ്​റ്റർ ചെയ്ത കേസിലാണ് നടപടി. കോനൂർകണ്ടി കൂത്താണിക്കാട് പ്രദേശം കാട്ടാനകളുടെ വിഹാര കേന്ദ്രമാണ്. ജീവൻ പണയംവെച്ചാണ് കർഷകർ ഇവിടെ കഴിയുന്നത്. നിലമ്പൂർ വനത്തി​‍ൻെറ ഭാഗമായ പന്തീരായിരം പന്നിയാമല വനമേഖലയിൽ നിന്ന് കാട്ടാനക്കൂട്ടം കൃഷിഭൂമിയിലെത്തി കൃഷിനാശമുണ്ടാക്കുന്നത് പതിവാണ്. പ്രദേശവാസികൾ നിരവധി തവണ വനപാലകർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. വനാതിർത്തിയിൽ സംരക്ഷണവേലി നിർമിക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയെങ്കിലും ഏതാനും ദൂരം മാത്രമാണ് വേലി സ്ഥാപിച്ചത്. കാട്ടാനകൾ കയറാതിരിക്കാൻ നാട്ടുകാർ കാടുവെട്ടിത്തെളിച്ചിട്ടും വനംവകുപ്പ് തിരിഞ്ഞുനോക്കിയില്ലെന്ന് പരാതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.