കഴിഞ്ഞ ഭരണസമിതി ഏറ്റെടുത്ത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം -കാനത്തില്‍ ജമീല

കോഴ​ിക്കോട്​: കഴിഞ്ഞ ത്രിതല പഞ്ചായത്ത് ഭരണസമിതി ഏറ്റെടുത്ത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കാനത്തില്‍ ജമീല. 2021-22 വാര്‍ഷിക പദ്ധതി രൂപവത്​കരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. എല്ലാ മേഖലയിലും വികസനം സൃഷ്​ടിച്ച്​ പുതിയ കോഴിക്കോടിനെ വളര്‍ത്തിയെടുക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ ഭിന്നശേഷി സൗഹാർദപരമായിരിക്കണം. ക്രാഡില്‍ പദ്ധതിപ്രകാരം ഘട്ടംഘട്ടമായി എല്ലാ അംഗൻവാടികളുടേയും നിലവാരം മെച്ചപ്പെടുത്തണം. ഭിന്നശേഷി ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും അടിസ്ഥാനസൗകര്യം വിപുലീകരിക്കാനുമുള്ള നടപടിയുണ്ടാവും. ഭൂമിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളോ പ്രയാസങ്ങളോ പരിഹരിക്കുന്നതിന് ഭൂമിത്ര പദ്ധതി നടപ്പാക്കുകയും കൂടാതെ ഓരോ താലൂക്ക് തലത്തിലും ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് ചുമതല നല്‍കുകയും ചെയ്തിട്ടുണ്ട്. ജില്ലാ പഞ്ചായത്തും ഗ്രാമ പഞ്ചായത്തുകളും ഉത്തരവാദിത്ത ടൂറിസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവര്‍ പറഞ്ഞു. വടകര, തൂണേരി, കുന്നുമ്മല്‍, തോടന്നൂര്‍, മേലടി, പേരാമ്പ്ര ബാലുശ്ശേരി, പന്തലായനി, ചേളന്നൂര്‍, കൊടുവള്ളി, കുന്ദമംഗലം, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തുകളുടെയും ഇവയുടെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളുടെയും കോഴിക്കോട് കോർപറേഷ​‍ൻെറയും മുഴുവന്‍ നഗരസഭകളുടെയും യോഗമാണ് ചേര്‍ന്നത്. ജില്ല കലക്ടര്‍ സാംബശിവറാവു, പ്ലാനിങ്​ ഓഫിസര്‍ ടി.ആര്‍. മായ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി ജോസഫ് ചെറുകരകുന്നേല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.