കോവിഡ് വാക്സിന്‍ വിതരണം: ആദ്യഘട്ടത്തില്‍ വടകരയില്ല

വടകര മണ്ഡലത്തെ ഒഴിവാക്കിയതില്‍ വ്യാപക പ്രതിഷേധം വടകര: സംസ്ഥാനത്തെ 133 കേന്ദ്രങ്ങളില്‍ നടക്കുന്ന ആദ്യഘട്ട കോവിഡ് വാക്സിന്‍ വിതരണത്തില്‍ നിന്നും വടകരയെ ഒഴിവാക്കിയതില്‍ വ്യാപക പ്രതിഷേധം. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരവും ജനവാസ കേന്ദ്രവുമായ വടകരയോട് സംസ്ഥാന ആരോഗ്യവകുപ്പ് കുറ്റകരമായ അനാസ്ഥയാണ് കാണിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. കോവിഡ് വ്യാപനം ആദ്യഘട്ടം മുതലേ അതിരൂക്ഷമായതും വടകര മേഖലയിലാണ്. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ പ്രാവശ്യം അടച്ചിടലുകള്‍ക്ക് വിധേയമായ പ്രദേശവും വടകരയാണ്. ജില്ലയില്‍ തീരദേശ മേഖലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ ചോറോട് കുരിയാടിയുള്‍പ്പെടുന്ന പ്രദേശമാണിത്. കോഴിക്കോട്, മുക്കം, നരിക്കുനി, പേരാമ്പ്ര, നാദാപുരം, ബാലുശ്ശേരി, പനങ്ങാട്, കൊയിലാണ്ടി, ഫറോക്ക് തുടങ്ങി ജില്ലയിലെ എല്ലാ പ്രധാന സ്ഥലങ്ങളും വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടികയിലുള്‍പ്പെട്ടപ്പോള്‍ വടകരയെ മാത്രം മാറ്റിനിര്‍ത്തിയത് ഏതു മാനദണ്ഡത്തി‍ൻെറ അടിസ്ഥാനത്തിലാണെന്ന് അധികൃതര്‍ വ്യക്​തമാക്കണമെന്നാണ് പൊതുവായുയരുന്ന ചോദ്യം. ഗവ. ജില്ല ആശുപത്രിയും മറ്റു നിരവധി സ്വകാര്യ ആശുപത്രികളും ഉള്ള നഗരമായ വടകരയെ അടിയന്തരമായി പരിഗണിക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. ഐ. മൂസ വാര്‍ത്തക്കുറിപ്പില്‍ ആവശ്യപ്പെട്ടു. വാക്സില്‍ വിതരണത്തില്‍ വടകരയെ ഒഴിവാക്കിയത് വടകര നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു കുറ്റപ്പെടുത്തി. ഉടന്‍ അനുകൂല നടപടികളുണ്ടാവണമെന്നും വേണു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, വടകരയെ പരിഗണിക്കാത്ത വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും സി.കെ. നാണു. എം.എല്‍.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.