ചാലിയം റോഡിൽ മരങ്ങൾക്ക് കൂട്ടമരണം

ചാലിയം: വരുന്നത് രാജപാത തന്നെ. എങ്കിലും മണ്ണൂർ-കടലുണ്ടി - ചാലിയം റോഡിൽ വൻ മരങ്ങളുടെ കൂട്ടക്കുരുതി ആരിലും നൊമ്പരമുണ്ടാക്കും. നഗര നിരത്തുകളെ വെല്ലുന്ന രീതിയിൽ പണിയുന്ന റോഡിൽ ഡസൻ കണക്കിന് വൻ മരങ്ങളാണ് മുറിച്ച് മാറ്റപ്പെടുന്നത്. ഇവയിൽ ചിലതെങ്കിലും ഒഴിവാക്കപ്പെടാവുന്നതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏറ്റവും ആധുനിക രീതിയിലാണ് കിലോമീറ്ററിന് കോടിക്കണക്കിന്​ രൂപ നിരക്കിൽ 6.97 കിലോമീറ്റർ നീളമുള്ള റോഡ് നവീകരണം. ഏഴ് മീറ്റർ വാഹന വഴി, ഒരു മീറ്റർ വീതിയിൽ പേവ്ഡ് ഷോൾഡർ, ഒന്നര മീറ്റർ വീതിയിൽ നടപ്പാത എന്നിവയൊക്കെയുള്ളതിനാൽ റോഡരികിലെ മരങ്ങൾ മുറിക്കൽ അനിവാര്യമായി. ഇതിനു പുറമെ വശങ്ങളിൽ ഓവുചാലും പൈപ്പ് - കേബ്​ളുകൾക്കുള്ള ചാലുകളുമുണ്ടാകും. പ്രധാന സ്ഥലങ്ങളിലും കവലകളിലും കൈവരികളുമുണ്ടാകും. രണ്ടടിയോളം ഉയർത്തി നാല് അടുക്കുകളായാണ് റോഡ്. തെരുവ് വിളക്കുകൾ, മോഡുലാർ ബസ് സ്​റ്റോപ്പുകൾ, സുരക്ഷ ക്രമീകരണങ്ങൾ എന്നിവയുമൊക്കെ ഉൾക്കൊള്ളണമെങ്കിൽ മുഴുവൻ മരങ്ങളും മുറിച്ചുമാറ്റാതെ നിർവാഹമില്ലെന്നായി. അതോടെ അരനൂറ്റാണ്ട് തണലേകിയ മരങ്ങൾക്കാകെ മരണം വിധിക്കപ്പെട്ടു. ഇവയിൽ പലതും അങ്ങാടികളിലെ സാംസ്കാരിക കൂടിച്ചേരൽ വേദികൾ കൂടിയായിരുന്നു. കടലുണ്ടി - ചാലിയം റോഡിൽ സന്നദ്ധ സംഘടനകളും വ്യക്തികളും നട്ടുപിടിപ്പിച്ച മരങ്ങളാണ് മുറിച്ചു മാറ്റപ്പെടുന്നതെങ്കിൽ കടലുണ്ടി - മണ്ണുർ ഭാഗത്ത് ഹരിത കവചം തീർക്കാൻ തൊഴിലുറപ്പ് വഴിയും മറ്റും വൻതുക ചെലവഴിച്ച് നട്ടുപിടിപ്പിക്കപ്പെട്ടവയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.