ആളില്ല; ബേപ്പൂർ മത്സ്യബന്ധന തുറമുഖത്ത് കോവിഡ് പരിശോധന നടന്നില്ല

ബേപ്പൂർ: ബേപ്പൂർ മത്സ്യബന്ധന തുറമുഖത്ത് കുടുംബാരോഗ്യ കേന്ദ്രത്തി‍ൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ച കോവിഡ് പരിശോധന ക്യാമ്പ്​ ആളില്ലാതെ നിർത്തിവെച്ചു. വ്യാഴാഴ്​ചയും കഴിഞ്ഞ തിങ്കളാഴ്​ചയും നടന്ന പരിശോധന ക്യാമ്പുകളിൽ ഹാർബർ തൊഴിലാളികൾ ആരുംതന്നെ പരിശോധനക്കെത്തിയില്ല. കഴിഞ്ഞയാഴ്​ച സബ്​കലക്​ടർ പ്രിയങ്കയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലെ തീരുമാനപ്രകാരം, തീരദേശമേഖലയിലെ കോവിഡ് വ്യാപനത്തിന് പരിഹാരം കാണാൻ ഹാർബർ മേഖലയിൽ കോവിഡ് പരിശോധനകൾ വർധിപ്പിക്കണമെന്ന് തീരുമാനിച്ചിരുന്നു. തുടർന്ന് തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഹാർബറിൽ സംഘടിപ്പിച്ച പരിശോധനയിലാണ് ആരുംതന്നെ പങ്കെടുക്കാതിരുന്നത്. ഫിഷറീസ് വകുപ്പ്, ഹാർബർ മാനേജ്മൻെറ് സൊസൈറ്റി, ബോട്ട് ഓണർ അസോസിയേഷനുകൾ, തൊഴിലാളി യൂനിയനുകൾ എന്നിവരാണ് തൊഴിലാളികളെ കോവിഡ് പരിശോധനക്ക് ഹാജരാക്കേണ്ടത്. കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്​ടർ തങ്കരാജി‍ൻെറയും മെഡിക്കൽ ഓഫിസറുടെയും നേതൃത്വത്തിൽ ആരോഗ്യ വിഭാഗം പ്രവർത്തകരും ജില്ല മൊബൈൽ കോവിഡ് ടെസ്​റ്റിങ്​ സംഘവും രാവിലെ മുതൽ തൊഴിലാളികളെ കാത്തിരുന്നെങ്കിലും പരിശോധനക്ക് ആരും എത്താത്തതിനെ തുടർന്ന് തിരിച്ചുപോയി. ക്യാമ്പിനു വേണ്ടി മെഡിക്കൽ സംഘം ഉപയോഗിച്ച പി.പി. കിറ്റുകളും ടെസ്​റ്റ്​ കിറ്റുകളും ഉപയോഗശൂന്യമായി. ബേപ്പൂർ മേഖലയിലെ മറ്റു പ്രദേശങ്ങളിൽ ക്യാമ്പുകൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ പ്രവർത്തകരും പൊതുജനങ്ങളും ആവശ്യപ്പെടുന്നതിനിടയിലാണ് മെഡിക്കൽ വിഭാഗത്തി‍ൻെറ സമയം അനാവശ്യമായി നഷ്​ടപ്പെടുത്തുന്നത്. ഫിഷറീസ് ഡിപ്പാർട്ട്മൻെറ്, ഹാർബർ മാനേജ്മൻെറ് സൊസൈറ്റി, ബോട്ട് ഉടമ അസോസിയേഷനുകൾ, തൊഴിലാളി യൂനിയനുകൾ തുടങ്ങിയവരുടെ സഹകരണമില്ലാത്തതാണ് ക്യാമ്പ് മുടങ്ങാൻ കാരണമെന്ന് ആരോഗ്യകേന്ദ്രം അധികൃതർ അറിയിച്ചു. ജില്ല മൊബൈൽ കോവിഡ് ടെസ്​റ്റിങ്​ യൂനിറ്റി‍ൻെറയും കുടുംബാരോഗ്യ കേന്ദ്രത്തി‍ൻെറയും വിലപ്പെട്ട സമയം നഷ്​ടപ്പെട്ടതിൽ പ്രതിഷേധിച്ച് ആരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്​ടർ തങ്കരാജ് മേലധികാരികൾക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട് .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.