അണിഞ്ഞൊരുങ്ങി മാനാഞ്ചിറ

കോഴിക്കോട്​: കോവിഡ് കാലത്തെ നാം അതിജീവിക്കുമ്പോഴേക്കും സഞ്ചാരികളുടെ പറുദീസയായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാനാഞ്ചിറ സ്‌ക്വയര്‍ സൗന്ദര്യവത്കരണം നാടിന് സമര്‍പ്പിക്കുന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തി​ൻെറ സ്വന്തം നാടെന്ന വിശേഷണമുള്ള കേരളത്തിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്നതാണ് പ്രധാനം. വായു, ജലം, മണ്ണ് എന്നിവ നാടി‍ൻെറ പൊതു സ്വത്താണ്. പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത വിധത്തിലുള്ള ടൂറിസം വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. ടൂറിസം മേഖല നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് മുന്നോട്ടുപോകുന്നത്. 15 ലക്ഷം പേര്‍ തൊഴിലെടുക്കുന്ന ടൂറിസം മേഖല അതിജീവനത്തി‍ൻെറ പാതയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വിനോദ സഞ്ചാര വകുപ്പ് 1.70 കോടി ചെലവഴിച്ചാണ് മാനാഞ്ചിറ സ്‌ക്വയര്‍ നവീകരണം പൂര്‍ത്തിയാക്കിയത്. ആംഫി തിയറ്റര്‍, കരിങ്കല്‍ പാതകള്‍, ഡോമുകള്‍, അലങ്കാര വിളക്കുകള്‍, ചുറ്റുമതില്‍-നടപ്പാത നവീകരണം, പെയിൻറിങ് ജോലികള്‍, ദിശാ സൂചകം, അറിയിപ്പ് ബോര്‍ഡുകള്‍, ടോയ്‌ലറ്റ് ബ്ലോക്ക്, സ്​റ്റാളുകള്‍, പ്രവേശന കവാടം, പ്രതിമകള്‍-മരങ്ങള്‍-ചരിത്ര പ്രാധാന്യമുള്ള ചിത്രങ്ങള്‍ എന്നിവക്ക് സ്‌പോട്ട്‌ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള ഇലക്ട്രിക് പ്രവൃത്തികള്‍ തുടങ്ങിയവയാണ് നടപ്പാക്കിയത്. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് പദ്ധതി നിര്‍വഹണം നടത്തിയത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്​ട് സൊസൈറ്റിയാണ് കരാര്‍ ഏറ്റെടുത്തത്. മാനാഞ്ചിറ സ്‌ക്വയറില്‍ നടന്ന പരിപാടിയില്‍ എം.കെ. മുനീര്‍ എം.എല്‍.എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ല കലക്​ടര്‍ സാംബശിവറാവു, ഡി.ടി.പി.സി സെക്രട്ടറി സി.പി. ബീന തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.