റോഡ് ഉയർത്തിയത് വെള്ളക്കെട്ടിനിടയാക്കി; മനുഷ്യാവകാശ കമീഷൻ കേസെടുത്തു

ചാലിയം: നിലവിലുള്ളതിനെക്കാൾ ഒരു മീറ്ററോളം ഉയർത്തിയുള്ള റോഡ് നവീകരണം നിരവധി വീടുകളിൽ വെള്ളക്കെട്ടുണ്ടാക്കിയതിനെതിരെ നൽകിയ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്തു. മണ്ണൂർ - കടലുണ്ടി -ചാലിയം റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് ഒട്ടേറെ കുടുംബങ്ങൾക്ക് ദുരിതത്തിനിടയാക്കിയതെന്ന് ചൂണ്ടിക്കാട്ടി അഡ്വ. ഷബീൽ ചാലിയം നൽകിയ പരാതിയിലാണ് കമീഷ​ൻെറ നടപടി. പൊതുമരാമത്ത് റോഡ്സ് വിഭാഗം ചീഫ് എൻജിനീയർ, എക്സിക്യൂട്ടിവ് എൻജിനീയർ, കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റിയുടെ ചെയർമാൻ എന്നിവരെ പ്രതിചേർത്താണ് പരാതി. 45 കോടിയിലേറെ മുടക്കി നവീകരിക്കുന്ന റോഡ് ചിലയിടങ്ങളിൽ ഒന്നര മീറ്റർ വരെ ഉയർത്തിയിട്ടുണ്ട്. ഇതോടെ നേരത്തേയുണ്ടായിരുന്ന സുഗമമായ ജലമൊഴുക്ക് തടസ്സപ്പെട്ടതാണ് ഒട്ടേറെ വീടുകളിൽ താമസം പോലും പ്രയാസമുണ്ടാക്കും വിധം വെള്ളക്കെട്ടുണ്ടാക്കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസാരിച്ചപ്പോൾ ബന്ധപ്പെട്ടവർ പൊതുപ്രവർത്തകരായ താനടക്കമുള്ളവരെ അപമാനിക്കുകയും ധാർഷ്​ട്യത്തോടെ പെരുമാറുകയുമാണുണ്ടായത്. അതിനാൽ കമീഷൻ വിഷയത്തിലിടപെട്ട് പരിഹാരമുണ്ടാക്കണമെന്നും പരാതിയിൽ അഭ്യർഥിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.