ലീഗ് നേതാക്കളുടെ സാമ്പത്തിക ഇടപാട്: സമഗ്രാന്വേഷണം വേണം -ഐ.എൻ.എൽ

കണ്ണൂർ: മുസ്‌ലിം ലീഗ് നേതാക്കളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി തട്ടിപ്പും വഞ്ചനയും പുറത്തുകൊണ്ടുവരണമെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. ഇവർ കാലാകാലമായി നടത്തിവരുന്ന തട്ടിപ്പുകളിൽ പ്രവാസികളും മതസ്ഥാപനങ്ങളുമാണ് ഇരകളാവുന്നത്. പള്ളി, മദ്റസ, യതീംഖാന തുടങ്ങിയ മതസ്ഥാപനങ്ങളുടെ പണം കൊണ്ടാണ് ലീഗ് നേതാക്കളിൽ വലിയൊരു വിഭാഗം ബിനാമി ഇടപാടുകൾ നടത്തുന്നത്. മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീൻ നടത്തിയ 150 കോടിയുടെ ജ്വല്ലറിത്തട്ടിപ്പിനെ ഈ പരമ്പരയിലെ അവസാനത്തെ സംഭവമായേ കാണേണ്ടൂ. മറ്റൊരു എം.എൽ.എ വയനാട്ടിൽ ജ്വല്ലറി നടത്തി നിക്ഷേപകരെ കബളിപ്പിച്ച കഥ ലീഗ് വൃത്തങ്ങളിൽ പാട്ടാണ്. ഖമറുദ്ദീന് എതിരെ തുടങ്ങിവെച്ച ക്രൈംബ്രാഞ്ച് അന്വേഷണം സ്വാഗതാർഹമാണ്. യു.ഡി.എഫ് ജില്ല ചെയർമാൻ സ്ഥാനത്തുനിന്ന് ഖമറുദ്ദീനോട് മാറിനിൽക്കാൻ ആവശ്യപ്പെട്ട മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം, ആർജവമുണ്ടെങ്കിൽ എം.എൽ.എ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടാൻ ആവശ്യപ്പെടുകയാണ് വേണ്ടതെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.