ആംബുലൻസ് പോർട്ടൽ സംവിധാനം സംസ്ഥാന വ്യാപകമാക്കുന്നു

കോഴിക്കോട്: നടപ്പാക്കി ദിവസങ്ങൾക്കുള്ളിൽ തന്നെ വൻ സ്വീകാര്യത നേടിയ ജാഗ്രത പോർട്ടൽ ആംബുലൻസ് സംവിധാനം സംസ്ഥാനം മുഴുവൻ നടപ്പാക്കാൻ ധാരണ. കോഴിക്കോട് കലക്ടറുടെ നേതൃത്വത്തിൽ ജില്ല ഭരണകൂടം മൂന്നാഴ്ച മുമ്പ് ആരംഭിച്ച സംവിധാനം പ്രതീക്ഷിച്ചതിനേക്കാൾ ഗുണപ്രദമായതായാണ്​ വിലയിരുത്തൽ. കരിപ്പൂർ വിമാനാപകടത്തെത്തുടർന്ന് മിനിറ്റുകൾക്കുള്ളിൽ ആംബുലൻസുകൾ എത്തിക്കാൻ കഴിഞ്ഞതും പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ച് ആളപായം കുറക്കാൻ കഴിഞ്ഞതിലും ആംബുലൻസ് പോർട്ടലി​ൻെറ പ്രവർത്തനം ഗണ്യമായ പങ്കു വഹിച്ചു എന്നതി​ൻെറ അടിസ്ഥാനത്തിലാണ് പ്രവർത്തനം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നത്. അപകട സന്ദേശം നൽകിയതിനെ തുടർന്ന് കരിപ്പൂരിലേക്ക് 80ഒാളം ആംബുലൻസുകൾ മിനിറ്റുകൾക്കുള്ളിൽ എത്തിക്കാൻ മോട്ടോർ വാഹന വകുപ്പി​ൻെറ എൻഫോഴ്സ്മൻെറ് വിഭാഗത്തിന് കഴിഞ്ഞിരുന്നു. കോവിഡിനെ തുടർന്നാണ് എൻ.ഐ.സി യുടെ സഹകരണത്തോടെ ദുരന്ത നിവാരണ വിഭാഗം ജില്ല ഭരണകൂട കേന്ദ്രത്തിൽ 300ഓളം ആംബുലൻസ് ഉടമകളുടെയും ഡ്രൈവർമാരുടെയും പേരുകൾ രജിസ്​റ്റർ ചെയ്തത്​. ഈ ആംബുലൻസുകൾ ഓട്ട സമയത്ത് എവിടെയാണെന്ന് മനസ്സിലാക്കാനും ഏറ്റവും അടുത്തുള്ളവയെ ആവശ്യമുള്ള സ്ഥലത്ത് എത്രയും പെട്ടെന്ന് എത്തിക്കാനുമുള്ള സൗകര്യമായിരുന്നു കലക്ടർ സാംബശിവ റാവുവി​ൻെറ നേതൃത്വത്തിൽ പോർട്ടലിലൂടെ ഒരുക്കിയത്. മോട്ടോർ വാഹന വകുപ്പി​ൻെറ സഹായത്തോടെയാണ് പ്രവർത്തനം. ഡാറ്റബേസ് അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾക്ക് കോഴിക്കോട്ട് മൂന്നു ജീവനക്കാരും ഒരു എം.വി.ഐയും പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യ വിഭാഗം, റവന്യൂ വിഭാഗം, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ ഏകോപിപ്പിച്ച പ്രവർത്തനങ്ങളിലൂടെയാണ് അപകടത്തിൽപെടുന്നവർക്ക് ജീവൻ തിരിച്ചു പിടിക്കാനുള്ള ആശ്വാസവഴി കണ്ടെത്തുന്നത്. എ.ബിജുനാഥ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.