പണയ സ്വർണം വീണ്ടെടുക്കാൻ വാഗ്ദാനവുമായി സംഘങ്ങൾ; ഇടപാടിൽ മറിയുന്നത് ആയിരങ്ങൾ

എലത്തൂർ: പണയപ്പെടുത്തിയ സ്വർണം വീണ്ടെടുക്കാൻ വാഗ്ദാനവുമായി സംഘങ്ങൾ രംഗത്ത്. കടബാധ്യതയിൽനിന്ന് ഒഴിവാകാനുള്ള ശ്രമങ്ങൾക്കിടയിൽ ആഭരണ ഉടമകൾക്ക് ഇടപാടിൽ നഷ്​ടമാകുന്നത് ആയിരങ്ങൾ. പണയപ്പെടുത്തിയ സ്വർണത്തി​ൻെറ മുതലും പലിശയും അടക്കാൻ കഴിയാതിരുന്നവരെ തേടി സഹായ വാഗ്ദാനങ്ങൾ എത്തുന്നതോടെ പല ഇടപാടുകാരും ചതിയിൽ പെടുകയാണ്. ബാങ്കിലെത്തി പണം നൽകി സ്വർണം വീണ്ടെടുത്ത് തങ്ങളുടെ ജ്വല്ലറികളിൽ എത്തിക്കുകയാണ് രീതി. വലിയ തോതിൽ പണിക്കുറവും കൂലിയും കഴിച്ച​ുള്ള വിലയാണ്​ സംഘങ്ങൾ ഇടപാടുകാർക്ക് നൽകുന്നത്. വില കൂടിയതോടെ വിൽപന കുറഞ്ഞ സ്വർണ വ്യാപാരത്തിന് വലിയ തോതിലാണ് പണയ സ്വർണ ഇടപാട് നടക്കുന്നത്. പണയപ്പെടുത്തിയ സ്വർണത്തിനെക്കാൾ കൂടുതൽ തുക പലിശയും മുതലുമായും ബാധ്യത വന്നവരാണ്​ സ്വർണം വീണ്ടെടുക്കാനും കടബാധ്യത ഒഴിവാക്കാനും അവസരമെന്ന പരസ്യങ്ങളിലും ഓഫറുകളിലും പെടുന്നത്. ബാങ്കുകളിൽനിന്ന് രഹസ്യമായ വിവരം ശേഖരിച്ചും സംഘം ഇടപാടുകാരെ സമീപിക്കുകയാണ്. സ്വർണ വിൽപനയെക്കാൾ പല ചെറുകിട ജ്വല്ലറികളിലും ഇത്തരം ഇടപാടുകളാണ് കുറച്ചു മാസങ്ങളായി പൊടിപൊടിക്കുന്നത്. വ്യക്തികളും പുതിയ ബിസിനസ് മേഖലയിലേക്ക് മാറിയിട്ട​ുണ്ട്​. പണയപ്പെടുത്തിയ സ്വർണം വീണ്ടെടുക്കാതെ ഇടപാടുകാർക്ക് പുതിയ ഓഫറുകൾ നൽകി നിലനിർത്താൻ ബാങ്കുകളും ശ്രമിക്കുന്നുണ്ട്. വായ്​പയെടുത്തവരുടെ വിലാസവും ഫോൺ നമ്പറും രഹസ്യമായി നൽകുന്ന ബാങ്ക് മാനേജർമാർക്കും ജീവനക്കാർക്കും ഓഫറുകളുമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.