കോവിഡിൽനിന്ന് രക്ഷിക്കണമെന്ന് റേഷൻ വ്യാപാരികൾ

കോഴിക്കോട്: സൗജന്യ ഓണക്കിറ്റ് വിതരണം തുടങ്ങാനിരിക്കേ, റേഷൻ വ്യാപാരികൾ കോവിഡിൽനിന്ന് രക്ഷതേടുന്നു. ബയോമെട്രിക് സംവിധാനമുള്ള ഇ–പോസ്​ യ​ന്ത്രത്തിന്​ പകരം സംവിധാനമേർപ്പെടുത്തണമെന്നാണ് ആവശ്യം. പത്തിലേറെ റേഷൻ വ്യാപാരികൾക്ക് രോഗം ബാധിക്കുകയും നിരവധി വ്യാപാരികളും ജീവനക്കാരും ക്വാറൻറീനിലാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇവരുടെ മുറവിളി. ബയോമെട്രിക് സംവിധാനത്തിൽ വിരൽ പതിപ്പിക്കുന്നത് അപകടകരമാണെന്നതാണ് വ്യാപാരികളെ ആശങ്കയിലാക്കുന്നത്. സംസ്ഥാനത്ത് 14,500 റേഷൻ കടകളിലായി മുപ്പതിനായിരത്തോളം വ്യാപാരികളും ജീവനക്കാരുമാണുള്ളത്. ദിവസവും 50നും 100നും ഇടയിൽ കാർഡുടമകൾ കടയിലെത്തുന്നുണ്ട്. കാർഡുടമകൾക്ക് സാനിറ്റൈസർ ഒരുക്കിയിട്ടുണ്ടെങ്കിലും അടുത്ത സമ്പർക്കം പുലർത്തേണ്ടിവരുന്നത് ആശങ്കയുണ്ടാക്കുന്നു. കോഴിക്കോട് ജില്ലയിൽ മേപ്പയൂരും കീഴ്പയ്യൂരും റേഷൻ വ്യാപാരികൾക്ക് രോഗം ബാധിച്ചതി‍ൻെറ ഉറവിടംപോലും വ്യക്തമായിട്ടില്ല. ഇവിടെ നിരവധി കാർഡുടമകളാണ് ക്വാറൻറീനിലായത്. ലോക്ഡൗൺ കാലത്ത് സൗജന്യ അരിയും കിറ്റും നൽകിയത് ഇ–പോസ് യന്ത്രത്തിൽ വിരലമർത്താതെ പഴയ രീതിയിൽ മാന്വലായിട്ടായിരുന്നു. എന്നാൽ, പലയിടത്തും മുഴുവനാളുകളും വാങ്ങിയതിൽ സിവിൽ സപ്ലൈസ് വകുപ്പിന് ചില സംശയങ്ങളുണ്ടായിരുന്നു. കാർഡുടമകളുടെ ഫോൺ നമ്പറടക്കം രേഖപ്പെടുത്തി സുതാര്യമായി വിതരണം നടത്താമെന്ന് വ്യാപാരികൾ പറയുന്നു. കേന്ദ്ര സർക്കാറാണ് ബയോമെട്രിക് സംവിധാനത്തി‍ൻെറ കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നാണ് സംസ്ഥാന സർക്കാറി‍ൻെറ നിലപാട്. കോവിഡ് രൂക്ഷമായ മഹാരാഷ്​ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ഇ–പോസ് വഴിയാണ് റേഷൻ വിതരണമെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പും ചൂണ്ടിക്കാട്ടുന്നു. കോവിഡ് ഭീതി അവസാനിക്കുന്നതുവരെ ഇ–പോസ് വിരലമർത്തൽ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ അടക്കം ഒാൾ കേരള റിട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നിവേദനം നൽകിയിട്ടുണ്ട്. മുഴുവൻ റേഷൻ വ്യാപാരികളെയും ജീവനക്കാരെയും കോവിഡ്​ പരിശോധന നടത്തണമെന്നും സംഘടന ആവശ്യപ്പെടുന്നു. -സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.