കണ്ണൂരിൽ ഫ്രീഡം ഫ്യൂവല്‍ സ്​റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി

കണ്ണൂർ: ശിക്ഷ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ കുടുംബത്തോടൊപ്പം മാതൃകാപരമായ ജീവിതം നയിക്കാന്‍ കഴിയത്തക്കവിധത്തില്‍ ഓരോ അന്തേവാസിക്കും വേണ്ട സഹായം ഉറപ്പാക്കുന്നതിനാണ് ജയില്‍വകുപ്പ് ശ്രമിക്കുന്നതെന്നും ജയിലുകളുടെ പ്രവര്‍ത്തനങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പ്രിസണ്‍സ് ആന്‍ഡ് കറക്​ഷനല്‍ സര്‍വിസസ് വകുപ്പ് ജയില്‍ അന്തേവാസികളുടെ പുനരധിവാസം മുന്‍നിര്‍ത്തി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി ചേര്‍ന്ന് സ്ഥാപിച്ച പെട്രോള്‍ പമ്പുകളുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിന് പുറമെ വിയ്യൂര്‍, തിരുവനന്തപുരം എന്നീ സെന്‍ട്രല്‍ ജയിലുകളിലും, ചീമേനി ഓപണ്‍ പ്രിസണിലുമാണ് പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. ആദ്യമായാണ് സര്‍ക്കാര്‍ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കുവേണ്ടി പെട്രോള്‍ പമ്പുകള്‍ ആരംഭിക്കുന്നതെന്നും ഗുണമേന്മയുള്ള ഇന്ധനം കൃത്യമായ അളവില്‍ ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 15ഓളം ജയില്‍ അന്തേവാസികള്‍ക്ക് ഈ പദ്ധതിയുടെ ഭാഗമായി ഓരോ പമ്പിലും ജോലി നല്‍കാന്‍ കഴിയും. പദ്ധതി ഭാവിയില്‍ വിപുലീകരിക്കാനും ഉദ്ദേശ്യമുണ്ട്. സെന്‍ട്രല്‍ ജയിലിന് എതിര്‍വശത്തെ പെട്രോള്‍ പമ്പ്​ പരിസരത്ത് നടന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കെ.എം. ഷാജി എം.എല്‍.എ, പ്രിസണ്‍സ് ആന്‍ഡ് കറക്​ഷനല്‍ സര്‍വിസസ് ഡയറക്​ടര്‍ ജനറല്‍ ഋഷിരാജ് സിങ്​ എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുത്തു. കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ. വിനോദ്, കൗണ്‍സിലര്‍ ടി.കെ. വസന്ത, ജില്ല സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്​ഷനല്‍ ഹോം സൂപ്രണ്ട് ടി. ബാബുരാജന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചീഫ് സെയില്‍സ് മാനേജര്‍ ജസീല്‍ ഇസ്​മായില്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായി. പടം -സന്ദീപ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.