വേളത്ത് കുടുംബത്തിലെ നാലു പേർക്ക്​ കൂടി കോവിഡ്; ഇരുനൂറോളം പേർ സമ്പർക്കത്തിൽ

കുറ്റ്യാടി: വേളം ചോയിമഠത്തിൽ സമ്പർക്കത്തിലൂടെ നാലു പേർക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒമ്പതാം വാർഡിൽ നേരത്തെ രോഗം സ്ഥിരീകരിച്ച വീട്ടമ്മയുടെ 53കാരനായ ഭർത്താവിനും 19, 17, 16 വയസ്സുള്ള പെൺകുട്ടിയുൾപ്പെടെ മൂന്നു മക്കൾക്കുമാണ് തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. നേരത്തെ ചോയിമഠം മദ്റസയിൽ 90 പേരുടെ സ്രവം പരിശോധിച്ചപ്പോഴാണ് ഭാര്യക്കും തളീക്കരയിലെ കുടുംബത്തിലെ അഞ്ചു പേർക്കും രോഗം സ്ഥിരീകരിച്ചത്. അന്ന് ഭർത്താവി​േൻറത്​ നെഗറ്റിവായിരുന്നു. ഭാര്യയുടെ സമ്പർക്കപ്പട്ടികയിലുള്ള സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെയടക്കം എട്ടു പേരെയാണ് മൂന്നു ദിവസം മുമ്പ് വേളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പരിശോധിച്ചത്. ഡോക്ടറടക്കം നാലു പേർക്ക്​ നെഗറ്റിവായി. കോവിഡ്​ ബാധിച്ച മക്കൾക്ക് ഇരുനൂറോളം പേരുമായി സമ്പർക്കമുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. 17ന് ചോയിമഠം പള്ളിയിൽ നടന്ന ജുമുഅ നമസ്കാരത്തിൽ പങ്കെടുത്തിരുന്നു. അവിടെ പ്രാർഥനക്കെത്തിയ 73 പേരുമായും കുറ്റ്യാടി മരുതോങ്കര റോഡിലെ ഒരു സൂപ്പർമാർക്കറ്റിലെ നൂറിലേറെ പേരുമായും സമ്പർക്കമുണ്ടായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. സൂപ്പർ മാർക്കറ്റ് അടച്ചു. ഇവരോടും പള്ളിയിൽ ജുമുഅക്ക് എത്തിയവരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു. പാലേരി പുത്തൻപള്ളിക്കു സമീപമുള്ള ഒരു വീടും ഇവർ സന്ദർശിച്ചിരുന്നു. എന്നാൽ, ചോയിമഠം മദ്റസയിൽ നേരത്തെ നടത്തിയ പരിശോധനയിൽ ഇവർ പങ്കെടുത്തിരുന്നതായും ഫലം നെഗറ്റിവായിരുന്നതിനാലും ഭീതി വേണ്ടെന്നും അറിയിച്ചു. പള്ളിയിൽ പ്രാർഥനക്കെത്തിയവർക്ക് ശനിയാഴ്ച സ്രവപരിശോധന നടത്തും. ഈ മാസം 12ന് കോവിഡ് ബാധിതരായ കുടുംബത്തിലെ മൂന്നുപേർ ചോയിമഠത്തിലെ വിവാഹവീട്ടിലെത്തിയതാണ് രോഗവ്യാപനത്തിന് ഇടയാക്കിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.