ഭീതിവിതച്ച്​ കുടുംബത്തിലെ തുടർമരണങ്ങൾ

കോഴിക്കോട്​: കോവിഡ്​ സമ്പർക്ക വ്യാപനത്തിനിടെ നഗരത്തിലെ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച സംഭവം ആശങ്കയും ഭീതിയും വർധിപ്പിക്കുന്നു. കാരപ്പറമ്പിൽ മാതാവും മകള​ും മരിച്ചതിനു പിന്നാലെ ഒരാഴ്​ചക്കിടെയാണ്​ മരുമകനും മരിച്ചത്​. സംസ്ഥാനത്ത്​ ആദ്യമായാണ്​ കുടുംബത്തിലെ രണ്ടുപേർ കോവിഡ്​ ബാധിച്ച്​ മരിക്കുന്നത്​. മരുമകന്​ രോഗബാധ സ്ഥിരീകരിച്ചില്ലെങ്കിലും സമ്പർക്ക വിലക്കിൽ കഴിയുന്നതിനിടെയാണ്​ മരണം. ഇവരുടെയൊന്നും രോഗബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. റുഖിയയുടെ ബന്ധുക്കളായ 14 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്​. തുടർച്ചയായ മരണങ്ങൾ കുടുംബത്തിന്​ സമാനതകളില്ലാത്ത വേദനയും ആശങ്കയുമാണ്​ സൃഷ്​ടിച്ചിരിക്കുന്നത്​. ആരോഗ്യ പ്രവർത്തകരും നാട്ടുകാരും അതിജാഗ്രതയിലാണ്​. റുഖിയയുടെ സമ്പർക്കപ്പട്ടിയിലുള്ള 125 പേരുടെ സ്രവ പരിശോധന പൂർത്തിയായി. റുഖിയയു​െടയും മകളുടെയും മൃതദേഹങ്ങൾ കണ്ണംപറമ്പ്​ ശ്​മശാനത്തിൽ സംസ്​കരിച്ചിരുന്നു. അടുത്ത ബന്ധുക്കൾക്കു പോലും ചടങ്ങുകളിൽനിന്ന്​ വിട്ടുനിൽക്കേണ്ട അവസ്ഥയുണ്ടായി. തിങ്കളാഴ്​ച നടന്ന പരിശോധനയിൽ വീട്ടിലെ രണ്ടുപേർക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. കോഴി​ക്കോട്ട്​ കുടുംബങ്ങളിൽ സമ്പർക്കപ്പകർച്ച കുടുന്നതായാണ്​ ആരോഗ്യവകുപ്പി​ൻെറ വിലയിരുത്തൽ. പുറത്തുപോകുന്നവർ കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കാത്തതാണ്​ വീടുകളിലുള്ളവർക്ക് രോഗം വരുന്നതിന് ഇടയാക്കുന്നത്. വീടുകളിൽനിന്നു പുറത്തുപോകുന്നവർ കോവിഡ് പ്രതിരോധ മുൻകരുതൽ കർശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചു. സാഹചര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാതെ 15 -25 വയസ്സിന്​ ഇടയിലുള്ളവരാണ് വീടിനു പുറത്തു പോകുന്നത്. സുരക്ഷ മുൻകരുതൽ സ്വീകരിക്കാതെ പുറത്ത്​ ഇടപഴകി തിരിച്ചെത്തുന്നവർ വീടുകളിലുള്ളവർക്ക് രോഗം പകർത്തുകയാണെന്ന്​്​ അധികൃതർ പറയുന്നു. രോഗികളെയും പ്രായമുള്ളവരെയും കുട്ടികളെയുമാണ്​ മരണം തട്ടിയെടുക്കുന്നത്​. ശ്വാസകോശ‍, വൃക്ക, ഹൃദ്രോഗം, പ്രമേഹം, അർബുദം എന്നിവയുള്ളവരാണ്​ മരിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.