പുതുപ്പാടി കോവിഡ് ഭീതിയിൽ

ഈങ്ങാപ്പുഴ: നാലു ദിവസംകൊണ്ട് 10 കോവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ പുതുപ്പാടി ഭീതിയുടെ നിഴലിൽ. വെള്ളിയാഴ്ചയോടെയാണ് കൈതപ്പൊയിലിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതോടെ പഞ്ചായത്തിലെ 6, 7, 8 വാർഡുകൾ കണ്ടെയ്​ൻമൻെറ്​ സോണാക്കി പ്രഖ്യാപിക്കുകയും ഇവിടങ്ങളിലേക്കുള്ള എല്ലാ റോഡുകളും അടക്കുകയും ചെയ്തു. ശനിയാഴ്ച പുതുപ്പാടി സി.എച്ച്.സിയിൽ 96 പേർക്ക് സ്രവപരിശോധന നടത്തിയിരുന്നു. ഡ്രൈവർമാർ, ചുമട്ടുതൊഴിലാളികൾ, വ്യാപാരികൾ, കൈതപ്പൊയിലിൽ പ്രഥമ സമ്പർക്കപ്പട്ടികയിൽപെട്ട നാലു പേർ എന്നിവർക്കാണ് പരിശോധന നടത്തിയത്. പഞ്ചായത്തിൽ കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ കോവിഡ് കേസുകൾ പത്തായി വർധിക്കുകയും കാക്കവയലിൽ ഉറവിടം കണ്ടെത്താനാവാതെ ഒരു സ്ത്രീക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ കോവിഡ് ഭീതി വർധിച്ചിരിക്കുകയാണ്. ദേശീയപാത കടന്നുപോകുന്ന പഞ്ചായത്തായത്​ ഭീതിയുടെ തോത് വർധിപ്പിക്കുന്നുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്ന് ചരക്കുമായെത്തുന്ന ഡ്രൈവർമാരും മറ്റു ജീവനക്കാരും ചുരം ഇറങ്ങിവന്ന് അടിവാരത്താണ് വിശ്രമിക്കാറുള്ളത്. പുതുപ്പാടിയിൽ കോവിഡിന് തുടക്കംകുറിച്ചത് ഇതരസംസ്ഥാനങ്ങളായ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ വിവിധ ആവശ്യങ്ങൾക്ക് പോയി വന്നവരാണ്. ബുധനാഴ്ച രാവിലെ 11 മുതൽ പുതുപ്പാടി ഗവ. ഹൈസ്കൂളിൽ 100 പേർക്ക് കോവിഡ് സ്രവപരിശോധന നടത്തുമെന്ന് പഞ്ചായത്ത് ആരോഗ്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ എം.ഇ. ജലീൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.