തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് ഒഴിവാക്കപ്പെട്ടവർ ദുരിതത്തിൽ

എലത്തൂർ: തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് ഒഴിവാക്കപ്പെട്ട 65 വയസ്സിനു മുകളിലുള്ളവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക പ്രയാസം. പദ്ധതിയിൽ ഉൾപ്പെടുത്താത്ത സംസ്ഥാനത്തെ ആയിരക്കണക്കിന് കുടുംബങ്ങൾ ആണ് ദുരിതമനുഭവിക്കുന്നത്. തൊഴിൽ നിഷേധിക്കപ്പെടുന്ന കുടുംബങ്ങൾക്ക് പ്രത്യേക തൊഴിലില്ലായ്മ ബത്ത അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടാത്തതാണ് ജീവിതം പ്രതിസന്ധിയിലാക്കുന്നത്​. കോവിഡ്കാലത്തെ തൊഴിൽനഷ്​ടവും സാമ്പത്തിക ആഘാതവും ലഘൂകരിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് 1.32 കോടി തൊഴിൽദിനങ്ങൾ സൃഷ്​ടിച്ച് ഏറെ കുടുംബങ്ങളും സാമ്പത്തിക ക്ലേശം പരിഹരിച്ചെങ്കിലും തഴയപ്പെട്ടവരുടെ കഷ്​ടതക്ക് പരിഹാരമായില്ല. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യൻ കാളി നഗര തൊഴിലുറപ്പ് പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തിയാണ് തൊഴിൽദിനങ്ങൾ ലഭ്യമാക്കിയത്. മുൻവർഷത്തെ കുടിശ്ശിക അടക്കം രണ്ടു പദ്ധതികളിലുമായി 132.06 കോടി രൂപ അവിദഗ്ധ വേതന ഇനത്തിൽ വിതരണം ചെയ്തു. സാധന ഘടകവും ഭരണച്ചെലവ് ഇനത്തിലുമായി 497.7 കോടി രൂപയും വിനിയോഗിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയെ ഉൽപാദന മേഖലയുമായി ബന്ധിപ്പിച്ച് കൂടുതൽ ഫലപ്രദമാക്കുന്നതിനുള്ള ശ്രമങ്ങളും ഇക്കാലയളവിൽ നടന്നെങ്കിലും പ്രായം കഴിഞ്ഞെന്ന പേരിൽ ആരോഗ്യമുള്ളവരെ കേന്ദ്ര സർക്കാർ തഴഞ്ഞതായാണ് ആരോപണം. കോവിഡി​ൻെറ സാഹചര്യം പരിഗണിച്ച് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ ഇരുനൂറായി ഉയർത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ ദരിദ്രവിഭാഗങ്ങളുടെ വരുമാന മാർഗം വ്യാപകമായി ഇല്ലാതായ സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.