മൂന്നാറിൽ ഭൂമിക്ക്​ വ്യാപകമായി വ്യാജ കൈവശരേഖ; അന്തിമ റിപ്പോര്‍ട്ട് ബുധനാഴ്ച

മൂന്നാര്‍: കെ.ഡി.എച്ച് വില്ലേജിൽ വ്യാപകമായി ഭൂമിക്ക്​ കൈവശരേഖ ചമച്ച സംഭവത്തിൽ അന്തിമ റിപ്പോര്‍ട്ട് ബുധനാഴ്ച ജില്ല കലക്ടര്‍ക്ക് കൈമാറുമെന്ന് ദേവികുളം സബ് കലക്ടര്‍ പ്രേംകൃഷ്ണന്‍. അന്വേഷണത്തില്‍ വ്യാജ രേഖകളാണ്​ ബന്ധപ്പെട്ടവരുടെ കൈവശമുള്ളതെന്നാണ്​ കണ്ടെത്തിയത്. 110 കൈവശരേഖകള്‍ നല്‍കിയതില്‍ 107 എണ്ണത്തി​ൻെറ പരിശോധന പൂര്‍ത്തിയായി. സര്‍ക്കാര്‍ രജിസ്​റ്ററുകളില്‍ വ്യാപകമായി തിരുത്തൽ നടന്നതായി കണ്ടെത്തിയിട്ടുണ്ട്​. ലൈഫ് പദ്ധതിയുടെ മറവില്‍ ഭൂഉടമകള്‍ക്ക് കൈവശരേഖ നല്‍കിയ സംഭവത്തില്‍ മൂന്ന് സംഘങ്ങളായിത്തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ നിബന്ധനകള്‍ക്ക് വിധേയമായി ​െറസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്​ നല്‍കാവുന്നതാണ്. എന്നാല്‍, മാനദണ്ഡം പാലിക്കാതെ അധികൃതര്‍ കൈവശരേഖയും ഒപ്പം എന്‍.ഒ.സിയും നല്‍കി. ഇതോടെ രേഖകള്‍ അസാധുവായിക്കഴിഞ്ഞതായി സബ് കലക്ടര്‍ പ്രേംകൃഷ്ണ പറഞ്ഞു. ദേവികുളത്തെ സര്‍ക്കാര്‍ ഭൂമിക്ക് ലൈഫ് പദ്ധതിയുടെ മറവില്‍ കൈവശരേഖ നല്‍കുന്നതായി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് മൂന്നാര്‍ സ്പെഷല്‍ തഹസില്‍ദാര്‍ വിനു ജോസഫ് അന്വേഷണം ആരംഭിച്ചത്. വില്ലേജ് രജിസ്​റ്ററില്‍ കൃത്രിമം കാട്ടിയാണ് സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്തതെന്ന് കണ്ടെത്തി. സംഭവം ജില്ല കലക്ടറുടെ ശ്രദ്ധയിൽപെടുത്തിയതോടെയാണ് ഇടുക്കി എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ മേരിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ഊര്‍ജിതമാക്കിയത്. വില്ലേജ് ഓഫിസിലെ 1980 മുതലുള്ള സര്‍ട്ടിഫിക്കറ്റ് ഇഷ്യു രജിസ്​റ്റർ തിരുത്തിയാണ് വ്യാപകമായി കൈവശരേഖ നല്‍കിയതെന്നാണ് ഡെപ്യൂട്ടി കലക്​ടറുടെ റിപ്പോര്‍ട്ട്​. രജിസ്​റ്ററിലെ അഞ്ചുപേരുകള്‍ നശിപ്പിച്ചു. ചില രജിസ്​റ്ററുകള്‍ കാണാനില്ല. സംഭവത്തിൽ ​െഡപ്യൂട്ടി തഹസില്‍ദാരടക്കം അഞ്ചുപേർ സസ്പെൻഷനിലാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.