കോവിഡ് വ്യാപനം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കോഴിക്കോട്​: ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്നും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതിജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു. ജനങ്ങൾ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ. യാത്ര കഴിയുന്നതും ഒഴിവാക്കണം. ആളുകള്‍ കൂട്ടംകൂടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. ഗര്‍ഭിണികളും കുട്ടികളും മുതിര്‍ന്ന പൗരന്മാരും വീടിനു പുറത്തിറങ്ങാൻ പാടില്ല. പൊതുസ്ഥലങ്ങളിലും തൊഴില്‍ ഇടങ്ങളിലും മൂക്കും വായും പൂര്‍ണമായും മറയത്തക്ക വിധം മാസ്‌ക് ധരിക്കണം. സോപ്പ് അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ഇടക്കിടെ കൈകള്‍ വൃത്തിയാക്കണം. ജനങ്ങള്‍ കൂടുന്ന മാര്‍ക്കറ്റുകള്‍ വ്യാപാര സ്ഥാപനങ്ങള്‍ മുതലായ ഇടങ്ങളില്‍ സാമൂഹിക അകലം ഉറപ്പുവരുത്താന്‍ വ്യാപാരികളും ജനങ്ങളും ശ്രദ്ധിക്കണം. ആരോഗ്യപ്രവര്‍ത്തകരുടെ നിർദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അവർ പറഞ്ഞു. രോഗവ്യാപനം കണ്ടെത്തുന്നതിനായി ആരോഗ്യ വകുപ്പ് നടത്തുന്ന പരിശോധനകളുമായി ആളുകൾ സഹകരിക്കണം. പനി, തൊണ്ടവേദന, ശ്വാസംമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകരെയോ, അല്ലെങ്കില്‍ 1056, 0471 2552056 ദിശ നമ്പറിലോ, ജില്ല കോവിഡ്​ നിയന്ത്രണ സെല്‍ നമ്പറായ 04952376063, 2371471 എന്നിവയിലോ അറിയിച്ച ശേഷം അവരുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കണമെന്നും മെഡിക്കൽ ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.