കോവിഡ് പ്രതിരോധത്തിന്​ ആരോഗ്യ വളൻറിയര്‍മാരെ കണ്ടെത്തും -മന്ത്രി ശൈലജ

കോഴിക്കോട്​: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശവകുപ്പ് മുഖേന ആരോഗ്യ വളൻറിയര്‍മാരെ കണ്ടെത്തി പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.കെ. ശൈലജ. ബീച്ച്​ ഗവ. ജനറല്‍ ആശുപത്രിയില്‍ നിർമാണം പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ കോവിഡ്​ മരണനിരക്ക് 0.39 ശതമാനം മാത്രമാണ്. ലോകരാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക് വളരെ കുറവാണെന്നതില്‍ നമുക്ക് ആശ്വസിക്കാം. ഫീല്‍ഡ് വര്‍ക്ക് ശക്തമാക്കിയതിനെ തുടര്‍ന്നാണ് മരണനിരക്ക് കുറഞ്ഞത്. കോവിഡ് പോസിറ്റിവാകുന്നതിനെക്കുറിച്ച് ഭയപ്പെടേണ്ടതില്ല. മരണം സംഭവിക്കാതെ നോക്കുക എന്നതാണ് പ്രധാനം. അതിനുള്ള കരുതല്‍ ആരോഗ്യപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന്​ ശക്തമായി ഉണ്ടാകണമെന്നും മന്ത്രി ഓര്‍മപ്പെടുത്തി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഒാപറേറ്റിവ്​ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 92.4 കോടി രൂപ ചെലവഴിച്ച്​ നിർമിക്കുന്ന 20 കിടക്കകളുള്ള മെഡിക്കല്‍ ഐ.സി.യു, പക്ഷാഘാതം വരുന്നവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാനുള്ള സ്‌ട്രോക്ക് യൂനിറ്റ് എന്നിവ ഉടൻ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനമാരംഭിക്കുമെന്നും അവർ അറിയിച്ചു. ആര്‍ദ്രം മിഷ​ൻെറ ഭാഗമായി തനത് ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തീകരിച്ച കാര്‍ഡിയോളജി ഐ.സി.യു ആൻഡ്​ കാര്‍ഡിയോളജി ഒ.പി, 14.5 ലക്ഷം രൂപ വീതം വിനിയോഗിച്ച് നിര്‍മിച്ച പള്‍മനോളജി വിഭാഗം (ബ്രോങ്കോസ്‌കോപ്പ്), ഓര്‍ത്തോ വിഭാഗം (സി.എ.ആര്‍.എം), ഡ്രില്ലര്‍ എന്നിവയുടെ ഉദ്ഘാടനവും പോര്‍ട്ടബിള്‍ എക്‌സ്റേ ഉപകരണങ്ങളുടെ സ്വിച്ച്​ ഓൺ കർമവും മന്ത്രി നിര്‍വഹിച്ചു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കലക്ടര്‍ സാംബശിവറാവു മുഖ്യാതിഥിയായിരുന്നു. ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എ. നവീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ, കൗണ്‍സിലര്‍ അഡ്വ. തോമസ് മാത്യു, സൂപ്രണ്ട് ഡോ. വി. ഉമ്മര്‍ ഫാറൂഖ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സച്ചിന്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.