കുറ്റ്യാടി ബസ്​സ്​റ്റാൻഡിന്​ എം.കെ. മൊയ്തുഹാജിയുടെ പേരിടുന്നു

കുറ്റ്യാടി: കുറ്റ്യാടി ബസ്​സ്​റ്റാൻഡ്​ എം.കെ. മൊയ്തുഹാജിയുടെ പേരിൽ അറിയപ്പെടും. സ്​റ്റാൻഡ്​ നിർമിക്കാൻ ഏറ്റവും കൂടുതൽ സ്ഥലം സംഭാവന ചെയ്തത് പരേതനായ മൊയ്തു ഹാജിയും സഹോദരൻ കെ.എസ്. ഉമ്മറുമാണ്. വടകര റോഡിലെ കണ്ണായ സ്ഥലത്ത് ഒന്നേകാൽ ഏക്കറാണ് മൊയ്തുഹാജി, ഉമ്മർ, ഡോ.കെ. മൂസ, പരേതനായ കെ.വി. കുഞ്ഞമ്മദ് എന്നിവർ നൽകിയത്. മുൻ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് ഗ്രാമപഞ്ചായത്ത് തീരുമാനിച്ച കുറ്റ്യാടി ബസ്​സ്​റ്റാൻഡി​ൻെറ പേര് യാഥാർഥ്യമാക്കാൻ എൽ.ഡി.എഫ് ഭരണസമിതി നടപടി തുടങ്ങി. 10 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന കമാനത്തിൽ മലയ​ൻെറകണ്ടി മൊയ്തുഹാജി മെമ്മോറിയൽ ബസ്​സ്​റ്റാൻഡ്​ എന്ന് പേരെഴുതുമെന്ന് ഭരണസമിതി ഭാരവാഹികൾ അറിയിച്ചു. യൂ.ഡി.എഫ് ഭരണ കാലത്ത് അന്ന​െത്ത മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് സ്​റ്റാൻഡ്​ ഉദ്ഘാടനം ചെയ്തത്. എന്നാൽ, പേര് സ്ഥാപിച്ചിരുന്നില്ല. തുടർന്ന് അധികാരത്തിൽ വന്ന എൽ.ഡി.എഫ് ഭരണ സമിതി കാലാവധി തീരാനിരിക്കേയാണ് പേരിടൽ നടപടിയുടെ ഭാഗമായി കമാനം നിർമിക്കുന്നത്. എം.കെ. മൊയ്തു ഹാജിയുടെ പേര് ബസ്​സ്​റ്റാൻഡിന്​ നൽകുന്നതിനെ യു.ഡി.എഫ് ഭരണ സമിതിയിലെ ചില കോൺഗ്രസ് അംഗങ്ങൾ അനുകൂലിച്ചിരുന്നില്ല. തീരുമാനം ചർച്ചക്കെടുത്ത ദിവസം േകാൺഗ്രസിലെ അഞ്ചംഗങ്ങളിൽ പഞ്ചായത്ത് പ്രസിഡൻറും സ്​റ്റാൻറിങ്​ കമ്മിറ്റി ചെയർപേഴ്സനും പേരിടുന്നതിൽ ഉറച്ചു നിന്നപ്പോൾ രണ്ടുപേർ വിട്ടുനിൽക്കുകയും ഒരാൾ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. മുസ്​ലിം ലീഗിലെ രണ്ടുപേരും അനുകൂലിച്ചു. എന്നാൽ, ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. ഇതോടെ പരാജയപ്പെടുമായിരുന്ന പ്രമേയത്തെ പ്രതിപക്ഷത്തെ എൽ.ഡി.എഫ് അംഗങ്ങൾ അനുകൂലിച്ച് പാസാക്കുകയായിരുന്നു. പിന്നീട് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇതിൻെറ പേരിൽ തർക്കങ്ങളുണ്ടായി. ടൗൺ വാർഡിൽ കോൺഗ്രസിന് റെബൽ സ്ഥാനാർഥിയുണ്ടായി. കോൺഗ്രസിൽ അന്ന് പ്രമേയത്തെ അനുകൂലിച്ച എൽ.ഡി.എഫ് പിന്നീട് അധികാരത്തിൽ എത്തിയെങ്കിലും ഇതുവരെ ബസ്​സ്​റ്റാൻഡിന്​ പേരിടാത്തതിൻെറ പേരിൽ വിമർശനം ഉയർന്നിരുന്നു. ഭരണസമിതിയുടെ കാലാവധി തീരാനിരിക്കെ കവാട നിർമാണം ആരംഭിച്ചിരിക്കുകയാണ്. ബസ്​സ്​റ്റാൻഡ്​ കോൺക്രീറ്റ് ചെയ്ത ഭാഗം കുത്തിപ്പൊളിച്ചാണ് കമാനത്തിന് നാല് തൂണുകൾ വാർക്കുന്നത്. ഒരടിേയാളം കനത്തിൽ തീർത്ത കോൺക്രീറ്റ്​ തകർക്കുന്നത് വിമർശനത്തിനിടയാക്കിയിട്ടുണ്ട്​. കോൺക്രീറ്റ് സമയത്ത് കമാനത്തിന് കാലുകൾ സ്ഥാപിച്ചിരുന്നെങ്കിൽ അധികച്ചെലവ് ഒഴിവാക്കാമായിരുന്നെന്ന് നാട്ടുകാർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.