അംഗൻവാടിവഴി കേടായ പാൽ വിതരണമെന്ന്​; ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന

പയ്യോളി: അംഗൻവാടികൾവഴി പിഞ്ചുകുട്ടികൾക്ക് കേടായ പാൽ വിതരണം ചെയ്തതായി പരാതി. സംഭവത്തെ തുടർന്ന് പയ്യോളി ആവിക്കൽ പ്രദേശത്തെ 52ാം നമ്പർ അംഗൻവാടിയിൽനിന്ന് മിൽമയുടെ കേടായ പാൽ പാക്കറ്റുകൾ ഭക്ഷ്യസുരക്ഷ വകുപ്പുദ്യോഗസ്ഥരെത്തി പിടിച്ചെടുത്ത് പരിശോധനക്കയച്ചു. 'മിൽക്ക് ഡിലേറ്റ്' എന്ന പേരിൽ മിൽമയുടെ 180 മില്ലി ലിറ്ററി​ൻെറ പാ​ക്കറ്റുകളാണ് അംഗൻവാടിയുടെ പരിസരത്തെ കുട്ടികൾക്ക് വിതരണം ചെയ്തത്. വീടുകളിലെത്തിയ പാൽ പാ​ക്കറ്റുകൾ പിന്നീട് തടിച്ച് വീർത്ത നിലയിലാവുകയായിരുന്നു. പാൽ കുടിച്ച കുട്ടികൾക്ക് വയറുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുന്നതായും വീർത്ത നിലയിലുള്ള പാൽ പാക്കറ്റുകളുടെ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പയ്യോളിയിലെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. ദിവസം ഒരു പാൽ പാ​ക്കറ്റ് വീതം ഒരു മാസം തുടർച്ചയായി കുട്ടികൾക്ക് കൊടുക്കാൻ നൂറു കണക്കിന് പാക്കറ്റുകളാണ് അംഗൻവാടിയിലൂടെ വിതരണം ചെയ്തത്. എന്നാൽ, പാൽ പാക്കറ്റുകൾ റഫ്രിജറേറ്ററിൽ സൂക്ഷിക്കരുതെന്ന്​ കവറിൽ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. മൂന്നു മാസം വരെ പാൽ ഉപയോഗിക്കാനുള്ള കാലാവധിയുണ്ട്. ലോക്ഡൗൺ കാരണം അംഗൻവാടികൾ പ്രവർത്തിക്കാറില്ലെങ്കിലും പാൽ പോലുള്ള ഭക്ഷ്യവസ്തുക്കൾ വീടുകളിൽ എത്തിച്ചു നൽകുകയാണ് പതിവ്. പയ്യോളി ടൗണിന് തൊട്ടടുത്തുള്ള മറ്റൊരു അംഗൻവാടിയിൽനിന്ന് വിതരണം ചെയ്ത പാൽപാക്കറ്റിലും അണുബാധയുള്ളതായി പരാതിയുണ്ട്. പാൽ രുചിച്ച് നോക്കിയ മുതിർന്നവർക്കു പോലും വയറുവേദന അനുഭവപ്പെട്ടതായി പറയുന്നു. ഭക്ഷ്യ സുരക്ഷ വകുപ്പുദ്യോഗസ്ഥ ഷബ്ന മുഹമ്മദി​ൻെറ നേതൃത്വത്തിൽ നടത്തിയ പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ജിനി ബിയർലി, അശോകൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.