ജില്ല കേന്ദ്രങ്ങളിൽ മെഡിക്കൽ കോളജ് സ്ഥാപിക്കും –മുഖ്യമന്ത്രി

ഗൂഡല്ലൂർ: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളജ് സ്ഥാപിക്കണമെന്ന ലക്ഷ്യമായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ അഭിലാഷമെന്നും ആ പാത പിന്തുടരുന്നതിൻെറ ഭാഗമായാണ് നീലഗിരി ജില്ലയിലും മെഡിക്കൽ കോളജ് സ്ഥാപിക്കാൻ പദ്ധതിയിട്ടതെന്നും തമിഴ്നാട് മുഖ്യമന്ത്രി എടപാടി പളനിസാമി പറഞ്ഞു. ഊട്ടി മെഡിക്കൽ കോളജിൻെറ ശിലാസ്ഥാപന കർമം വിഡിയോ കോൺഫറൻസ്​ വഴി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 2017 -18 സാമ്പത്തിക വർഷത്തിൽ പുതുക്കോട്ടയിൽ മെഡിക്കൽ കോളജ് നിർമിച്ചു. ഈറോഡ് പെരുന്തുറയിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ മെഡിക്കൽ കോളജ് 2019 -20ൽ സർക്കാർ ഏറ്റെടുത്തു. 2019 വാർഷിക പദ്ധതിപ്രകാരം കേന്ദ്ര സർക്കാറിൻെറ അംഗീകാരത്തോടെ 11 മെഡിക്കൽ കോളജുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ടു. അതുപ്രകാരം രാമനാഥപുരം, വിരുതുനഗർ, ദിണ്ഡുക്കൽ, തിരുപ്പൂർ, നാമക്കൽ, നാഗപട്ടണം, കൃഷ്ണഗിരി, തിരുവള്ളൂർ, കള്ളക്കുറിച്ചി, അറിയല്ലൂർ എന്നീ ജില്ലകളിൽ മെഡിക്കൽ കോളജിനുള്ള പണികൾ ആരംഭിച്ചു. 11ാമത്തെ ജില്ലയായ നീലഗിരിയിൽ 40 ഏക്കർ സ്ഥലത്താണ് 447.32 കോടി രൂപയിൽ മെഡിക്കൽ കോളജ്​ സ്ഥാപിക്കുന്നതെന്നും മുഖ്യമ​​ന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാറിൻെറ വിഹിതം 195 കോടി രൂപയാണ്. സംസ്ഥാന സർക്കാർ 130 കോടി രൂപയും കൂടുതൽ കെട്ടിടങ്ങൾക്കായി 122.32 കോടി രൂപ അധികമായി അനുവദിച്ചതടക്കമാണ് പദ്ധതിക്കായി അനുവദിച്ചത്. ആദ്യഘട്ടമായി 110 കോടി രൂപ സംസ്ഥാന സർക്കാറും 50 കോടി രൂപ കേന്ദ്ര സർക്കാറും നൽകുമെന്നും അറിയിച്ചു. തദ്ദേശ സ്വയംഭരണ മന്ത്രി എസ്.​പി. വേലുമാണി, ആരോഗ്യ മന്ത്രി വിജയഭാസ്​കർ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.