ആരോഗ്യ ജീവനത്തിന് നാറാത്ത് യോഗ പരിശീലനം

കണ്ണൂർ: ദൈനംദിന ജീവിതത്തില്‍ യോഗ ഉള്‍പ്പെടുത്തി ജനങ്ങളെ ആരോഗ്യ പൂര്‍ണമായ ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുന്ന പദ്ധതിയുമായി നാറാത്ത് ഗ്രാമപഞ്ചായത്ത്. നാഷനല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയെ ഹെല്‍ത്ത് ആൻഡ് വെല്‍നെസ് സെന്ററായി ഉയര്‍ത്തിയതിന്റെ ഭാഗമായാണ് യോഗ പരിശീലനം. കുട്ടികള്‍, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍ തുടങ്ങി വിവിധ ഗ്രൂപ്പുകള്‍ക്ക് പ്രത്യേകമാണ് പരിശീലനം നല്‍കുന്നത്. പഞ്ചായത്തിലെ ഓരോ വീട്ടിലെയും ഒരാള്‍ക്കെങ്കിലും പരിശീലനം നല്‍കുകയാണ് ലക്ഷ്യം. ശരീരത്തിന്റെ സ്വാഭാവിക രോഗ പ്രതിരോധശേഷി വര്‍ധിപ്പിച്ച് ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുകയാണ് യോഗ പരിശീലന പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ. രമേശന്‍ പറഞ്ഞു. ഒരു മാസം നീളുന്ന പരിശീലനം സൗജന്യമാണ്. രാവിലെ ഒമ്പതു മുതല്‍ 12 വരെയാണ് ക്ലാസ്. 12 മുതല്‍ 15 പേര്‍ അടങ്ങുന്ന അഞ്ചു ബാച്ചുകള്‍ ഇതിനകം പരിശീലനം നേടി. നിലവില്‍ 35 പേര്‍ യോഗ അഭ്യസിക്കുന്നുണ്ടെന്ന് പരിശീലക എം. ബബിത പറഞ്ഞു. കണ്ണാടിപ്പറമ്പിലെ വയോജന മന്ദിരത്തില്‍ നടക്കുന്ന ക്ലാസില്‍ 10 മുതല്‍ 80 വയസ്സ് വരെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. താല്‍പര്യമുള്ളവര്‍ ആദ്യം ആയുര്‍വേദ ആശുപത്രിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയവ പരിശോധിച്ച് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശീലനം നല്‍കുക. പിന്നീട് ഓരോ ആഴ്ചയിലും ഇവ പരിശോധിച്ച് വിലയിരുത്തും. പഞ്ചായത്തിലെ മുഴുവന്‍ ഹൈസ്‌കൂള്‍ എന്‍.സി.സി കാഡറ്റുകള്‍ക്കും യോഗ പരിശീലനം നല്‍കാനുള്ള തയാറെടുപ്പിലാണ് ഗ്രാമ പഞ്ചായത്ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.