വെള്ളൂർ വീണ്ടും പേപ്പർ നഗരം: കെ.പി.പി.എല്ലിലെ ന്യൂസ് പ്രിന്‍റ് ഉല്‍പാദനം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോട്ടയം: പൊതുമേഖല സ്ഥാപനമായ വെള്ളൂർ കേരള പേപ്പര്‍ പ്രൊഡക്ട്സ് ലിമിറ്റഡിൽ ആരംഭിക്കുന്ന ന്യൂസ് പ്രിന്‍റ് ഉല്‍പാദനത്തിന്‍റെ ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. മന്ത്രി വി.എന്‍. വാസവന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവർ പങ്കെടുക്കും.

പുനരുദ്ധാരണത്തിനു ശേഷമുള്ള ആദ്യ റീല്‍ പേപ്പര്‍ വ്യാഴാഴ്ച പുറത്തിറക്കും. സ്വന്തമായ ഡീ ഇങ്ക്ഡ് പള്‍പ്പ്, ടി.എൻ.പി.എല്ലില്‍നിന്ന് വാങ്ങിയ പള്‍പ്പ് എന്നിവ ഉപയോഗിച്ച് ഉല്‍പാദന ട്രയലും പ്രാരംഭ ഉല്‍പാദനവും നടത്താനാണ് പദ്ധതിയെന്ന് മന്ത്രി പി. രാജീവ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.

പുനരുദ്ധാരണ പാക്കേജിന്‍റെ ഭാഗമായാണ് ന്യൂസ് പേപ്പര്‍ നിര്‍മാണം ആരംഭിക്കുന്നത്. അടുത്തഘട്ടത്തിലാകും വ്യവസായികാടിസ്ഥാനത്തിലുള്ള ഉൽപാദനം. നാലുഘട്ടമായി നടക്കുന്ന പുനരുദ്ധാരണ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കുന്നതോടെ 42 ജി.എസ്.എം, 45 ജി.എസ്.എം ഗ്രാമേജുകളുള്ള ന്യൂസ് പ്രിന്‍റ്, നോട്ട്ബുക്ക്, അച്ചടി പുസ്തക മേഖലകളിൽ ഉപയോഗിക്കുന്ന അൺ സർഫസ് ഗ്രേഡ് റൈറ്റിങ്, പ്രിന്‍റിങ് പേപ്പറുകൾ എന്നിവ ഉൽപാദിപ്പിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

പാക്കേജിങ്, പേപ്പർ ബോർഡ് വ്യവസായങ്ങളിലെ വളർച്ചസാധ്യതകൾ പ്രയോജനപ്പെടുത്താനും പദ്ധതിയുണ്ട്. ഇതിന് നിലവിലുള്ള മെഷീനറികൾ പാക്കേജിങ് ഗ്രേഡിലുള്ള ക്രാഫ്റ്റ് പേപ്പർ നിർമിക്കാനായി പുനർനിർമിക്കും. മൂന്നും നാലും ഘട്ടങ്ങൾക്കായുള്ള നിക്ഷേപം ബാങ്കുകളുടെയും മറ്റു ധനകാര്യ സ്ഥാപനങ്ങളുടെയും പിന്തുണയോടെ സമാഹരിക്കാമെന്നാണു പ്രതീക്ഷിക്കുന്നത്. നിലവിൽ രണ്ടുഘട്ടങ്ങളിലെ നവീകരണ പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്.

നാലുഘട്ട നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ 3000 കോടി രൂപയുടെ വിറ്റുവരവും പ്രതിവർഷം അഞ്ചുലക്ഷം മെട്രിക് ടണ്ണിലേറെ ഉൽപാദന ശേഷിയുള്ള സ്ഥാപനവുമായി കെ.പി.പി.എൽ മാറുമെന്നും രാജീവ് പറഞ്ഞു. 

Tags:    
News Summary - Vellore is once again a paper city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.