പത്തിൽനിന്ന് നേരെ സിനിമയിലേക്ക്, സംവിധായികയായി ചിന്മയി; താരമായി കലക്ടറും

പൊൻകുന്നം: പത്തിലെ പരീക്ഷയുടെ തിരക്കുകഴിഞ്ഞ ഉടൻ സിനിമയുടെ അണിയറ തിരക്കിലേക്ക് പോയ ചിന്മയി നായർ സംവിധായികയായി സ്വന്തം സ്‌കൂളിലെ ലൊക്കേഷനിൽ. ചിറക്കടവ് എസ്.ആർ.വി.എൻ.എസ് സ്‌കൂളിലായിരുന്നു ചിത്രീകരണം. സ്വിച്ച് ഓൺ നിർവഹിക്കാനെത്തിയ കലക്ടർ പി.കെ. ജയശ്രീ കലക്ടറായി തന്നെ സിനിമയിൽ അഭിനയിക്കുകയും ചെയ്ത അപൂർവതയോടെയാണ് കൊച്ചുസംവിധായികയുടെ സിനിമയുടെ തുടക്കം.

ചലച്ചിത്രസംവിധായകനായ അച്ഛൻ ചിറക്കടവ് പനിയാനത്ത് അനിൽരാജിൽനിന്ന് സംവിധാന പാഠങ്ങൾ പഠിച്ചാണ് ആദ്യസിനിമ ചെറുപ്രായത്തിൽ തന്നെ ഒരുക്കാൻ തീരുമാനിച്ചത്. ചേമ്പിലത്തുള്ളി, ഗ്രാൻഡ് മാ എന്നിങ്ങനെ രണ്ട് ഷോർട്ട് ഫിലിം സംവിധാനം ചെയ്ത അനുഭവ സമ്പത്തുമുണ്ട്. അച്ഛന്റെ ലൊക്കേഷനുകളിൽ സന്ദർശകയായിരുന്ന ചിന്മയി നിരവധി പരസ്യചിത്രങ്ങളിൽ സംവിധാന സഹായിയായിട്ടുണ്ട്. സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല. നായകൻ വിജയ് യേശുദാസാണ്. കലാഭവൻ ഷാജോൺ, സുധീർ, ശ്വേത മേനോൻ, സജിമോൻ പാറയിൽ, ബാലതാരം മീനാക്ഷി തുടങ്ങി മലയാള സിനിമയിലെ പ്രമുഖതാരങ്ങളുണ്ട്. സിനിമയിൽ ഗാന്ധിജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുന്ന കലക്ടറായാണ് പി.കെ. ജയശ്രീ അഭിനയിച്ചത്.

കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് അംഗമായ ഡോ. ജെ. പ്രമീളാദേവിയും പ്രദേശത്തെ സാംസ്‌കാരിക പ്രവർത്തകരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിദേശമലയാളിയായ സാബു കുരുവിളയാണ് നിർമാണം.

സിനിമയുടെ ചിത്രീകരണത്തുടക്കത്തിൽ എൻ.എസ്.എസ് പൊൻകുന്നം യൂനിയൻ പ്രസിഡന്റ് അഡ്വ. എം.എസ്. മോഹൻ, എസ്.ആർ.വി സ്‌കൂൾ മാനേജർ എം.കെ. അനിൽകുമാർ, പ്രഥമാധ്യാപകൻ കെ. ലാൽ തുടങ്ങിയവരും ഭാഗമായി. കംഗാരു എന്ന സിനിമയുടെ കഥയെഴുതി ചലച്ചിത്രരംഗത്തെത്തിയ അനിൽരാജ് 1000-ഒരു നോട്ടുപറഞ്ഞ കഥ, സൂത്രക്കാരൻ എന്നീ സിനിമകളുടെ സംവിധായകനാണ്. 

Tags:    
News Summary - From ten to straight cinema, Chinmayi as director; And star collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.