ഏറ്റുമാനൂർ നഗരസഭ ഉപതെരഞ്ഞെടുപ്പ്: മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ഏറ്റുമാനൂർ: നഗരസഭ ഇനി ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്ന നിർണായക ഉപതെരഞ്ഞെടുപ്പിന് കളം മുറുകുന്നു.

മേയ്‌ 17ന് 35ാം വാർഡിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരത്തിന് തയാറെടുക്കുന്ന എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ നേതൃത്വം നൽകുന്ന ദ്രാവിഡ മുന്നേറ്റ കഴകവും (ഡി.എം.കെ) മത്സരിക്കുന്നു എന്നത് ഉപതെരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നു.

സുനിൽകുമാർ എൻ.എസ് ആണ് യു.ഡി.എഫ് സ്ഥാനാർഥി. ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി കെ. മഹാദേവനും എൻ.ഡി.എ സ്ഥാനാർഥിയായി സുരേഷ് ആർ. നായരുമാണ് രംഗത്തുള്ളത്.

ഡി.എം.കെ സ്ഥാനാർഥിയായി പാർട്ടിയുടെ വനിത വിഭാഗം ജില്ല സെക്രട്ടറി മിനിമോൾ ജോർജ് ഉൾപ്പെടെ ഉള്ളവരുടെ പേരുകൾ പരിഗണനയിലുണ്ട്. ഇന്നോ നാളെയോ ഡി.എം.കെ കേന്ദ്രനേതൃത്വം സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് പാർട്ടി ജില്ല സെക്രട്ടറി കോട്ടയം ഗോപകുമാർ പറഞ്ഞു. ബി.ജെ.പിയുടെ വിഷ്ണുമോഹൻ ആയിരുന്നു ഈ വാർഡിനെ പ്രതിനിധാനം ചെയ്യുന്നത്. ഇദ്ദേഹം കൗൺസിലർ സ്ഥാനം രാജിവെച്ച് ഭാര്യക്കൊപ്പം വിദേശത്തേക്ക് പോയതോടെയാണ് ഉപതെരഞ്ഞെടുപ്പിന് വഴിതുറന്നത്. സ്വതന്ത്രരുടെ പിന്തുണയോടെ ഒരു സീറ്റിന്‍റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ഭരണം നടത്തുന്ന ഏറ്റുമാനൂർ നഗരസഭയിൽ ഈ വാർഡിലെ വിജയം ഏറെ നിർണായകമാണ്.

ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിക്കുകയാണെങ്കിൽ ഭരണം യു.ഡി.എഫിന് നഷ്ടപ്പെടും. യു.ഡി.എഫോ ബി.ജെ.പിയോ ജയിച്ചാൽ ഭരണം തുടരാം. കൗൺസിലർ ഇടക്കാലത്ത് വാർഡ് ഉപേക്ഷിച്ച് പോയതിലുള്ള എതിർപ്പും പാർട്ടിക്കുള്ളിലെ മുറുമുറുപ്പുകളും വാർഡിന് വെളിയിലുള്ള ആളെന്ന ആരോപണവും ബി.ജെ.പി സ്ഥാനാർഥിക്ക് വെല്ലുവിളിയാണ്.

News Summary - Ettumanoor Municipal By-Election: Fronts announces candidates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.