ഏറ്റുമാനൂർ: ലഹരി മാഫിയയുടെയും ഗുണ്ടാ സംഘങ്ങളുടെയും പിടിയിലമർന്ന് ഏറ്റുമാനൂർ, അതിരമ്പുഴ പ്രദേശങ്ങൾ. അതിരമ്പുഴ പള്ളിയുടെ മുറ്റത്ത് ലഹരിസംഘം തമ്മിലടിച്ചതാണ് അവസാന സംഭവം. മാസങ്ങളുടെ ശാന്തതക്ക് ശേഷമാണ് ലഹരിസംഘത്തിന്റെ ആക്രമണം. അതിമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ മതില്‍ക്കെട്ടിനുള്ളില്‍ അഞ്ചംഗ സംഘം അസഭ്യം പറഞ്ഞും തമ്മിലടിച്ചും അഴിഞ്ഞാടുകയുമായിരുന്നു.
തടയാനെത്തിയ പള്ളിയുടെ സെക്യൂരിറ്റിക്കും ജീവനക്കാർക്കും മർദനമേറ്റു. ഒരാള്‍ക്ക് തലയില്‍ കുപ്പി കൊണ്ടുള്ള അടിയേറ്റ് പരിക്കേറ്റു. മാരകായുധങ്ങളുമായി ആക്രമണം അഴിച്ചുവിട്ട സംഘം പ്രദേശത്തെ ഏറെനേരം മുൾമുനയിൽ നിർത്തി. ഇരുട്ട് വീണാൽ പള്ളിമൈതാനം, ഐ.ടി.ഐ പരിസരം, കോട്ടമുറി തുടങ്ങിയ പ്രദേശങ്ങളും ആളൊഴിഞ്ഞ കെട്ടിടങ്ങളും ലഹരിസംഘത്തിന്റെ പിടിയിലാണ്.
വർഷങ്ങളോളം അതിരമ്പുഴ ലഹരിമാഫിയയുടെ നീരാളിപ്പിടുത്തത്തിലായിരുന്നു. ലഹരിസംഘങ്ങളുടെ അഴിഞ്ഞാട്ടവും ആക്രമണങ്ങളും മൂലം വർഷങ്ങളോളം സമാധാനാന്തരീക്ഷം തകർന്ന നിലയിലായിരുന്നു. വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവർത്തിപ്പിക്കാൻപോലും സാധിക്കാത്ത സാഹചര്യമായിരുന്നു. മുണ്ടുവേലിപ്പടിക്ക് സമീപമുള്ള ഷാപ്പിലും റസ്റ്റോറന്റിലും മാർക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളിലും സംഘർഷം നിരന്തര സംഭവമായിരുന്നു.
മാർക്കറ്റ് ജങ്ഷനിലെ മൊബൈൽ ഫോണ്‍ കടകളില്‍ ഒരുവർഷം മുമ്പ് നടത്തിയ ആക്രമണമായിരുന്നു ഒടുവിലത്തേത്. ലഹരിസംഘങ്ങള്‍ വീണ്ടും സജീവമായതോടെ ആശങ്കയിലാണ് നാടും ജനങ്ങളും. സ്വൈര ജീവിതത്തിന് ഭീഷണിയായ സാമൂഹികവിരുദ്ധരെയും ലഹരിമാഫിയ സംഘങ്ങളെയും കാപ്പ ഉൾപ്പെടെ നിയമങ്ങൾ ചുമത്തി നാട് കടത്തുകയും അക്രമകാരികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.