സാമ്പിള്‍ എടുക്കാതെ കോവിഡ് ഫലവും മാനസിക പീഡനവും: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ഏറ്റുമാനൂര്‍: കോവിഡ് പരിശോധനയ്ക്കെത്തിയ യുവാവിന്‍റെ സാമ്പിള്‍പോലും എടുക്കാതെ ഫലം പോസിറ്റീവ് എന്ന് വിധിയെഴുതിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഏറ്റുമാനൂര്‍ വള്ളിക്കാട് വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ പുന്നമട സ്വദേശി ജറാര്‍ഡ് ജിജി മൈക്കിളിൻെറ (45) പരാതിയിലാണ് നടപടി.

സാമ്പിൾ പോലും എടുക്കാതെ കോവിഡ് രോഗിയെന്ന് പ്രഖ്യാപിച്ചത് ചോദ്യം ചെയ്ത തനിക്കുനേരെ ആരോഗ്യപ്രവർത്തകർ ഭീഷണി മുഴക്കിയതും തുടർന്നു ഭക്ഷണം പോലും കഴിക്കാനാവാതെ പൊലീസ് സ്റ്റേഷനിൽ നേരിടേണ്ടി വന്ന മാനസിക പീഡനവും ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിയുടെ പകർപ്പ് ജറാർഡ് മനുഷ്യാവകാശ കമ്മീഷനും നൽകിയിരുന്നു.

ആരോഗ്യ മന്ത്രി ഉൾപ്പെടെ ഉന്നതർക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടായതായിട്ടില്ലെന്നാണ് അറിയുന്നത്. പൂച്ച കടിച്ചതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവെയ്പ് എടുക്കാനാണ് ജറാര്‍ഡ് കോട്ടയം മെഡിക്കല്‍ കോളേജിന്‍റെ കീഴിലുള്ള ഏറ്റുമാനൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ എത്തിയത്. കോവിഡ് പരിശോധന നടത്തണമെന്ന് ബന്ധപ്പെട്ട ഡോക്ടര്‍ നിര്‍ദ്ദേശിച്ചതിനെതുടർന്ന് ചീട്ട് എടുത്ത ശേഷം കാത്തിരുന്ന യുവാവിനെ കുറെ കഴിഞ്ഞപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ വിളിക്കുകയും കോവിഡ് പോസിറ്റീവ് ആണെന്ന് അറിയിക്കുകയുമായിരുന്നു.

സാമ്പിള്‍പോലും എടുക്കാതെ എങ്ങിനെ പോസിറ്റീവ് ആയി ചോദിച്ചതോടെയാണ് സംഭവം വഷളായത്. തങ്ങളുടെ വീഴ്ചയില്‍ ഖേദം പ്രകടിപ്പിക്കുന്നതിനുപകരം ഡോക്ടറും ഹെൽത്ത്‌ ഇൻസ്‌പെക്ടറും ഉൾപ്പെടെ ആരോഗ്യപ്രവര്‍ത്തകര്‍ കയര്‍ത്തു സംസാരിച്ചതോടെ സംഭവം സംഘർഷാവസ്ഥയിലെത്തി. ഇതിനിടെ യുവാവ് മൊബൈലിൽ രംഗങ്ങൾ പകർത്താൻ ശ്രമിച്ചതും ഇവർ തടഞ്ഞു. പിന്നാലെ സ്ഥലത്തെത്തിയ പോലീസിൻെറ സാന്നിദ്ധ്യത്തില്‍ കോവിഡ് പരിശോധന നടത്തിയപ്പോള്‍ നെഗറ്റീവ് എന്നാണ് ഫലം ലഭിച്ചത്. പ്രതിരോധകുത്തിവെപ്പും എടുത്തശേഷം പോലീസ് സ്റ്റേഷനിൽ എത്തിച്ച തനിക്ക് ഭക്ഷണം പോലും ലഭ്യമാക്കാതെ വലിയ മാനസികപീഡനമാണ് നേരിടേണ്ടി വന്നതെന്ന് ജറാർഡ് ജില്ലാ പൊലീസ് മേധാവിക്കും മറ്റും നൽകിയ പരാതിയിൽ ചൂണ്ടികാട്ടിയിരുന്നു.

തന്‍റെ ഫോണ്‍ പോലീസുകാര്‍ പിടിച്ചുവാങ്ങിയെന്നും വീട്ടുകാരെയോ അഭിഭാഷകനെയോ വിവിരമറിയിക്കാന്‍ പോലും സമ്മതിച്ചില്ല എന്നും കോടതിയില്‍ ഹാജരാക്കാന്‍ പോലും പൊലീസ് തയാറായില്ല എന്നും ജറാര്‍ഡ് പരാതിയില്‍ പറയുന്നു. മാത്രമല്ല സംഭവത്തിന്‍റെ തെളിവായ വീഡിയോ പൊലീസുകാര്‍ ഫോണില്‍നിന്നും ഡിലീറ്റ് ചെയ്തതായും യുവാവ് പരാതിപ്പെട്ടു.

ഛര്‍ദ്ദിച്ച് അവശനിലയിലായ തന്നെ നാലര മണിയായപ്പോള്‍ പിതാവെത്തി ജാമ്യത്തിലിറക്കുകയായിരുന്നുവെന്നും ജറാര്‍ഡ് പരാതിയില്‍ പറയുന്നു.

Tags:    
News Summary - Covid result without taking sample and mental torture, Human Rights Commission files case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.