വീട് ജപ്തി ചെയ്തു; അമ്മയും മകനും 13 ദിവസം വരാന്തയില്‍

-പ്രതിഷേധം ശക്തമായപ്പോൾ വായ്​പ തിരിച്ചടവിന്​ സമയം നീട്ടി നൽകി ബാങ്ക് കോട്ടയം: സ്വകാര്യബാങ്ക് വീട് ജപ്തി ചെയ്തതിനെത്തുടർന്ന്​ പട്ടികജാതി വിഭാഗത്തിൽപെട്ട വീട്ടമ്മയും മകനും വീടിന്​ മുന്നിൽ കുത്തിയിരുന്നത് 13 ദിവസം. പ്രതിഷേധം ശക്തമായപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ഇടപെടലിൽ വായ്പ തിരിച്ചടവിന്​ ബാങ്ക് ആറുമാസം സമയം നീട്ടി നൽകി. മുള്ളൻകുഴി തുണ്ടിയിൽ ശകുന്തളയുടെ നാല് സെന്‍റിലുള്ള വീടാണ് സ്വകാര്യ ബാങ്ക് ജപ്തി ചെയ്തത്. അർബുദബാധയെ തുടർന്ന് 2013ൽ​ ശകുന്തളയുടെ ഭർത്താവ് മരിച്ചു​. 2016ൽ ഭവനവായ്​പയായി 5.92 ലക്ഷം രൂപയാണ് ശകുന്തള വായ്പയെടുത്തത്. കോവിഡിന് മുമ്പുവരെ കൃത്യമായി തവണകൾ അടച്ചുവരുകയായിരുന്നു. ഇക്കാലയളവിൽ ഏകദേശം 90,000 രൂപ അടച്ചു. തുണി തേക്കുന്ന ശകുന്തളക്കും കൂലിപ്പണി ചെയ്തിരുന്ന മകൻ നിധീഷ് രാജിനും കോവിഡിന്‍റെ വരവോടെ വരുമാനം നിലച്ചപ്പോൾ ബാങ്കിലെ തിരിച്ചടവും മുടങ്ങി. തുടർന്നാണ് ബാങ്ക് ജപ്തി നടപടിയിലേക്ക് നീങ്ങിയത്. വീട്​ വിറ്റ് പണം അടക്കാമെന്ന്​ പറഞ്ഞെങ്കിലും ബാങ്ക് സാവകാശം നൽകിയില്ലെന്ന് ശകുന്തള പറയുന്നു. ജപ്തിയിലേക്ക്​ നീങ്ങുന്നതിനുമുമ്പ്​ സാവകാശം ലഭിക്കുന്നതിന് അഭിഭാഷകൻ മുഖാന്തരം നിയമവഴിയുള്ള സാധ്യതകൾക്കായും ശകുന്തളയും മകനും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ ഒരുമാസത്തിനുള്ളിൽ ബാക്കി അടക്കേണ്ട ആറുലക്ഷം രൂപ തിരികെ അടക്കണമെന്ന്​ ബാങ്ക് ആവശ്യപ്പെട്ടു. തുടർന്നായിരുന്നു ജപ്തി നടപടി. സാധനങ്ങൾ എടുക്കാനായി മൂന്നുദിവസം കഴിയുമ്പോൾ വീട് തുറന്നുനൽകാമെന്ന്​ ജപ്തി ചെയ്ത സമയത്ത് ബാങ്ക് അധികൃതർ ശകുന്തളയോട് പറഞ്ഞിരുന്നു. 13 ദിവസമായി അമ്മയും മകനും വീടിനുമുന്നിൽ കാത്തിരുന്നിട്ടും ഇക്കാര്യത്തിൽ നടപടിയായില്ല. മുഴുവൻ തുകയുമടക്കാതെ വീട് തുറന്നുനൽകില്ലെന്നായിരുന്നു ബാങ്കിന്‍റെ നിലപാട്. സംഭവം ശ്രദ്ധയിൽപെട്ട തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സ്ഥലത്തെത്തി ബാങ്ക് അധികൃതരുമായി സംസാരിച്ചാണ് പണം അടക്കുന്നതിന്​ സാവകാശവും വീട് തുറന്നുകൊടുക്കാനുള്ള അനുമതിയും നേടിക്കൊടുത്തത്. പൂട്ടിയിട്ട വീട് ബാങ്ക് അധികൃതർ വെള്ളിയാഴ്ച വൈകുന്നേരത്തോടെ തുറന്നുകൊടുത്തു. അടുത്ത ആറ് മാസത്തിനകം ബാക്കി തുകയായ 8,81,000 രൂപ അടക്കണമെന്ന ബാങ്ക് നിബന്ധന അംഗീകരിച്ച് ശകുന്തള ഒപ്പിട്ട് നൽകി. ഖത്തറിലുള്ള പ്രവാസി മലയാളികൾ സാമ്പത്തിക സഹായവുമായി സമീപിച്ചിട്ടുണ്ടെന്നും അതിലൂടെ വായ്പ തിരിച്ചടക്കാനുള്ള പണം കണ്ടെത്താനാകുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. പടം: KTG Japthi ബാങ്ക് വീട് ജപ്തി ചെയ്തതിനെത്തുടർന്ന്​ വീടിന്​ മുന്നിൽ സമരം നടത്തിയ ശകുന്തളയെയും മകനെയും തിരുവഞ്ചൂർ രാധാകൃഷ്ണൻ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.