കുട്ടനാടിന്‍റെ ചരിത്രകാരന്‍ എന്‍.കെ. കമലാസനന്‍ വിടവാങ്ങി

ചങ്ങനാശ്ശേരി: സ്വാതന്ത്ര്യസമര സേനാനി, കമ്യൂണിസ്റ്റ് നേതാവ്, കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ നേതാവ്, എഴുത്തുകാരന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച എന്‍.കെ. കമലാസനന്‍ വിടവാങ്ങി. കുട്ടനാടിലെ കാര്‍ഷികമേഖലയിലെ പ്രക്ഷുബ്​ധമായ ചരിത്രം പുകമറക്കുള്ളില്‍നിന്ന്​ പുതിയ തലമുറക്ക് പാഠ്യവിഷയമാക്കിയ ചരിത്രകാരനായിരുന്നു അദ്ദേഹം. കുട്ടനാടന്‍ മേഖലയില്‍ അടിമതുല്യമായ ജീവിതം നയിച്ചിരുന്ന അടിയാന്മാരായ ജനങ്ങളെ ആധുനികലോകത്തെ സ്വതന്ത്രപൗരന്മാരാക്കുന്നതിനും അവകാശബോധമുള്ള തൊഴിലാളികളാക്കി മാറ്റുന്നതിനും യുവത്വത്തിന്‍റെ നല്ലൊരു പങ്ക് മാറ്റിവെച്ച എന്‍.കെ. കമലാസനന്‍ പ്രസക്തമായ ഏതാനും പുസ്തകങ്ങളിലൂടെ ശ്രദ്ധേയനായി. 1930 ജനുവരി 26ന് കുട്ടനാട് പുളിങ്കുന്നില്‍ കണ്ണാടിഗ്രാമത്തില്‍ കൃഷ്ണന്‍റെയും കുഞ്ഞിപ്പെണ്ണിന്‍റെയും മകനായി ജനിച്ചു. പുളിങ്കുന്ന് സെന്‍റ്​ ജോസഫ് ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് 1945, 46, 47 വര്‍ഷങ്ങളില്‍ സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിലും വിദ്യാർഥിസംഘടനയായ വിദ്യാർഥി കോണ്‍ഗ്രസിലും സജീവമായി പ്രവര്‍ത്തിച്ചു. ഇക്കാലത്ത് അറസ്റ്റ് വരിച്ച് എട്ടുമാസവും 13 ദിവസവും ജയിലില്‍ കിടന്നു. അതോടെ സ്‌കൂളില്‍നിന്ന്​ പിരിച്ചുവിട്ടു. സംസ്ഥാനത്ത് ഒരു സ്‌കൂളിലും പഠിപ്പിക്കാന്‍ പാടില്ലെന്ന് സര്‍ക്കാറിന്‍റെ നിരോധന ഉത്തരവ് വന്നതോടെ വിദ്യാഭ്യാസം അവസാനിച്ചെങ്കിലും പിന്നീട് പ്രൈവറ്റായി പഠിച്ചു. കോണ്‍ഗ്രസ്​ ഭരണകാലത്ത് വിദ്യാർഥികളെ ലാത്തിച്ചാര്‍ജ് ചെയ്തതിൽ പ്രതിഷേധിച്ച് മങ്കൊമ്പില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന മുഖ്യമന്ത്രി പട്ടം താണുപിള്ളയെ കരിങ്കൊടി കാണിച്ചതിന് പൊലീസ് മര്‍ദിക്കുകയും കേസെടുക്കുകയും ചെയ്തു. 1950ൽ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് കര്‍ഷകത്തൊഴിലാളി രംഗത്ത് പ്രവര്‍ത്തനം ആരംഭിച്ചു. 1952 മുതല്‍ തിരുവിതാംകൂര്‍ കര്‍ഷക തൊഴിലാളി യൂനിയന്‍ ജനറല്‍ സെക്രട്ടറിയായി 14 വര്‍ഷം പദവിയില്‍ തുടര്‍ന്നു. നിരവധി കര്‍ഷകത്തൊഴിലാളി സമരങ്ങളില്‍ പങ്കെടുക്കുകയും ജയിലില്‍ കിടക്കുകയും ചെയ്തു. കുട്ടനാടും നക്ഷത്ര തൊഴിലാളി പ്രസ്ഥാനവും, ഒരു കുട്ടനാടന്‍ ഓര്‍മക്കൊയ്ത്ത്, വിപ്ലവത്തിന്‍റെ ചുവന്നമണ്ണ്​, കമ്യൂണിസ്റ്റ് പോരാളി കല്യാണ കൃഷ്ണന്‍ നായര്‍ എന്നിങ്ങനെ നാല് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. KTG Kamalasanan സി.പി.ഐ ജില്ല സെക്രട്ടറി സി.കെ. ശശിധരൻ എൻ.കെ. കമലാസനന്‍റെ വസതിയിലെത്തി അന്ത്യോപചാരമർപ്പിച്ച് പാർട്ടി പതാക പുതപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.