മനോഹരിയായി കാവാലിപ്പുഴ: സഞ്ചാരികളെ വരവേൽക്കാൻ മിനി ബീച്ച്​ ഒരുങ്ങി

കോട്ടയം: കാവാലിപ്പുഴ ബീച്ച് സഞ്ചാരികൾക്കായി ഒരുങ്ങി. രണ്ടുവർഷത്തെ ഇടവേളക്കശേഷമാണ് പ്രകൃതി ഒരുക്കിയ മണൽതിട്ടയെ മോടിപിടിപ്പിച്ചത്. പ്രകൃതി സൗന്ദര്യം കൊണ്ടും മണൽപരപ്പുകൊണ്ടും ഇരുന്നൂറോളം മീറ്റർ നീളത്തിലും നൂറുമീറ്റർ വീതിയിലുമായി അരയേക്കറോളം ഭാഗത്തുള്ള കിടങ്ങൂർ കാവാലിപ്പുഴ കടവ് മിനി ബീച്ച് വിനോദ സഞ്ചാരികളിൽ ഏറെ പ്രസിദ്ധമാണ്​. വെള്ളപ്പൊക്കത്തിന് ശേഷം, പ്ലാസ്റ്റിക് മാലിന്യവും, മരക്കഷണങ്ങളും, പുല്ലുകളും, പാഴ്‌ചെടികളും വളർന്ന് ഇവിടം വൃത്തിഹീനമായിരുന്നെങ്കിലും സഞ്ചാരികൾ വന്നിരുന്നു. രണ്ടുവർഷമായി വന്നടിഞ്ഞ മാലിന്യം വൃത്തിയാക്കാൻ പരിസ്ഥിതി സാമൂഹിക പ്രവർത്തകനായ രമേഷ് കിടങ്ങൂരിന്‍റെ നേതൃത്വത്തിൽ പാലാ പയനിയേഴ്‌സ് ക്ലബ് തീരുമാനിച്ചു. കിടങ്ങൂർ ജനമൈത്രി പൊലീസും കിടങ്ങൂർ ഗ്രാമപഞ്ചായത്തും നാട്ടുകാരും ഒന്നിച്ചു. റിപ്പബ്ലിക് ദിനത്തിലാണ് ബീച്ച് ശുചീകരിച്ചത്. ക്ലബ് അംഗങ്ങളായ ടോമി കുറ്റിയാങ്കൽ, സിബി റീജെൻസി, സന്തോഷ് വെളുത്തേടത്ത് പറമ്പിൽ, തോമസ് ജിനു, അയ്യപ്പൻ, വിനോദ്, സജി ജോമോൻ, സതീഷ്, രമേശ് ആന്‍റോ, പ്രിൻസ്, ബാബു, സോബി, ഉണ്ണി, ബിജോയ്, റോഷൻ, സുരാജ്, പഞ്ചായത്ത് പ്രസിഡന്‍റ്​ ബോബി മാത്യു, കിടങ്ങൂർ ജനമൈത്രി പൊലീസ് സ്റ്റേഷനിലെ എസ്.ഐ പി.കെ. ധർമരാജൻ, എ.എസ്.ഐ എബി ജോസഫ്, മനോജ് പാലാക്കാരൻ, റോയി, ജയചന്ദ്രൻ, ഷീല റാണി, ഇന്ദു രമേഷ്, തുടങ്ങി കുട്ടികൾ ഉൾപ്പെടെ നാട്ടുകാർ ശുചീകരണത്തിൽ പ്രവർത്തനത്തിൽ പങ്കെടുത്തു. ബീച്ചിന്‍റെ ഉത്ഭവവും ക്രമീകരണങ്ങളും 2018 പ്രളയകാലത്തുണ്ടായ ശക്തമായ ഒഴുക്കിൽ മണലടിഞ്ഞു. പ്രകൃതി സംരക്ഷകനും ഫോട്ടോഗ്രാഫറുമായ രമേഷ് കിടങ്ങൂരിന്‍റെ നേതൃത്വത്തിൽ 'കടന്നിരിക്കാം നമുക്കീ കാവാലിപ്പുഴകടവിൽ' പദ്ധതിയിലൂടെ പഞ്ചാര മണൽതിട്ട ഇന്ന്​ കാണുന്ന മിനി ബീച്ചായി മാറി. അന്യജില്ലകളിൽനിന്ന്​ കുടുംബസമേതം നിരവധി ആളുകൾ ഇവിടെ എത്താറുണ്ട്. മീനച്ചിലാർ കരകവിഞ്ഞപ്പോഴാണ് ഒഴുകിയെത്തിയ പഞ്ചാര മണൽതിട്ട രമേശ് കിടങ്ങൂരിന്‍റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് മാലിന്യവും പ്ലാസ്റ്റിക്കും അടിഞ്ഞുകൂടിയ പ്രദേശം വൃത്തിയാക്കി. സഞ്ചാരികളെ ആകർഷിക്കുവാൻ പുഴയോരത്ത് കടത്തും ഉണ്ട്. മുളകൊണ്ടും തെങ്ങിൻതടികൊണ്ടും ഇരിപ്പിടങ്ങൾ ഉണ്ടാക്കി ഇവയെല്ലാം മോടിപിടിപ്പിച്ചു. മണൽതിട്ടയോടുചേർന്നുള്ള മരത്തിൽ ഊഞ്ഞാലുകളും സ്ഥാപിച്ചു. ചായയും കാപ്പിയും ലഭിക്കുന്ന ചെറിയ കടയും ആരംഭിച്ചു. മണൽതിട്ടയോട്​ ചേർന്നു മീനച്ചിലാറ്റിൽ 20 മീറ്റർ നീളത്തിൽ വെള്ളം കുറവാണ്. ഇവിടെ കുളിക്കാനും സൗകര്യമുണ്ട്. ബീച്ചിന്‍റെ പ്രവർത്തനങ്ങളും നിലനിർത്തുന്നതിന് പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന്​ വേണ്ട സഹായങ്ങൾ ചെയ്യണമെന്നും സഞ്ചാരികളെ ആകർഷിക്കുന്നതിന് വേണ്ടി കൂടുതൽ സൗകര്യം ഒരുക്കണമെന്നും പ്രകൃതി സംരക്ഷകനും ഫോട്ടോഗ്രാഫറുമായ രമേശ് കിടങ്ങൂർ അഭിപ്രായപ്പെട്ടു. ktl beach 1 കാവാലിപ്പുഴ മിനി ബീച്ച്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.