കോടിയേരിക്ക്​ എസ്​. രാജേന്ദ്രന്‍റെ കത്ത്​ പെൻഷൻ വാങ്ങി വീട്ടിലിരിക്കാൻ എം.എം. മണി പറഞ്ഞു

തൊടുപുഴ: പാർട്ടിയിൽ താൻ നേരിടുന്ന അവഹേളനവും അവഗണനയും ചൂണ്ടിക്കാട്ടിയപ്പോൾ പെൻഷൻ വാങ്ങി അച്ഛനെയും അ​മ്മയെയും നോക്കി വീട്ടിലിരിക്കാൻ പറഞ്ഞ്​ എം.എം. മണി ദേഷ്യപ്പെടുകയും അപമാനിക്കുകയും ചെയ്തതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്​ മുൻ എം.എൽ.എ എസ്​. രാജേന്ദ്രന്‍റെ കത്ത്​. ജില്ല നേതൃത്വവും എം.എം. മണിയും തനിക്കെതിരെ സ്വീകരിച്ച നിലപാടുകൾ അക്കമിട്ടുനിരത്തുന്ന രാജേന്ദ്രന്‍റെ കത്ത്​ സി.പി.എം ഇടുക്കി ജില്ല സമ്മേളനത്തിന്‍റെ സമാപന ദിവസമായ ബുധനാഴ്ചയാണ്​ പുറത്തുവന്നത്​. കത്തിന്‍റെ പ്രസക്തഭാഗം: 40 വർഷമായി സജീവ പാർട്ടി പ്രവർത്തകനാണ്​. ഒരിക്കലും സ്ഥാനമാനം മോഹിച്ചിട്ടില്ല. ത​ന്നെ പാർട്ടിയിൽ ഒ​റ്റപ്പെടുത്താൻ ജില്ല സെക്ര​ട്ടേറിയറ്റ്​ അംഗം​ കെ.വി. ശശിയുടെ നേതൃത്വത്തിൽ ബോധപൂർവമായ ശ്രമം നടക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര കമ്മിറ്റി അംഗം കെ. രാ​ധാകൃഷ്ണനും ജില്ല നേതാക്കൾക്കും കത്ത്​ നൽകിയിരുന്നു. ദേവികുളത്തെ പാർട്ടി സ്ഥാനാർഥിക്കെതിരെ താൻ ജാതീയമായി പ്രവർത്തിച്ചു എന്ന ആരോപണം ഉയർന്നപ്പോൾ ജില്ല കമ്മിറ്റിയിൽനിന്ന്​ ഒഴിവാക്കി ബ്രാഞ്ച്​ കമ്മിറ്റി അംഗമാക്കി നിലനിർത്തണമെന്ന്​ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പാർട്ടി അന്വേഷണ കമീഷനെ വെക്കുകയാണ്​ ചെയ്തത്​. തുടർന്ന്​, തനിക്കെതിരെ മാധ്യമങ്ങളിലൂടെ നിരന്തരം മോശപ്പെട്ട വാർത്തകൾ പ്രചരിച്ചു. എന്നാൽ, താൻ ഒരിടത്തും പാർട്ടിക്കെതിരെ പറഞ്ഞിട്ടില്ല. എന്നിട്ടും കമീഷൻ തീരുമാനങ്ങളും നിഗമനങ്ങളും വരും മുമ്പ്​ തന്നെക്കുറിച്ച്​ മോശം വാർത്തകൾ പ്രചരിപ്പിക്കാൻ സഖാക്കൾ​ ശ്രമിച്ചു. ഇക്കാര്യങ്ങൾ തിരുവനന്തപുരം എം.എൽ.എ ഓഫിസിൽവെച്ച്​ എം.എം. മണിയെ ധരിപ്പിച്ചു. എന്നാൽ, നിനക്ക്​ ആവശ്യത്തിന്​ പെൻഷൻ കിട്ടുന്നുണ്ടല്ലോ എന്നും അതുകൊണ്ട്​ അവധിയെടുത്ത്​ അപ്പനെയും അമ്മയെയും മക്കളെയും നോക്കി മര്യാദക്ക്​ വീട്ടിൽ ഇരുന്നുകൊള്ളണമെന്നും അദ്ദേഹം ദേഷ്യത്തിൽ പ്രതികരിച്ചു​. ഇനി കമ്മിറ്റികളിലും സമ്മേളനങ്ങളിലും പങ്കെടുത്താൽ ഇതിനെക്കാൾ മോശം പ്രതികരണം നേരിടേണ്ടി വരുമെന്നതിനാലാണ്​ വിട്ടുനിന്നത്​. മരണത്തെ മുഖാമുഖം കണ്ട്​ മറയൂരിൽ പ്രസ്ഥാനത്തെ വളർത്തുന്നതിൽ നേതൃപരമായ പങ്കുവഹിച്ച തന്നെ എം.എം. മണി മറയൂർ ഏരിയ സമ്മേളനത്തിൽതന്നെ പാർട്ടിവിരുദ്ധനായി ചിത്രീകരിച്ചത്​ വേദനിപ്പിച്ചു. കള്ളപ്രചാരണം ഒഴിവാക്കി പാർട്ടി അംഗമായി തുടരാൻ അനുവദിക്കണമെന്നും​ കത്തിൽ ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.