അൺ റിസർവ്ഡ് ടിക്കറ്റുകളും പാസഞ്ചറുമില്ല; സ്ഥിരംയാത്രക്കാർക്ക്​ ദുരിതം തീർത്ത്​ റെയിൽവേ

കോട്ടയം: കോവിഡിനെത്തുടർന്ന്​ നിർത്തലാക്കിയ ട്രെയിനുകളിൽ നല്ലൊരു ശതമാനവും പുനരാരംഭിച്ചിട്ടും റിസർവേഷൻ നിബന്ധന തുടരുന്നത്​​​ സ്ഥിരം യാത്രക്കാർക്ക്​ തിരിച്ചടിയാവുന്നു. കോട്ടയം-എറണാകുളം റൂട്ടിൽ എക്​സ്​പ്രസ്​ ട്രെയിനിൽ 50 രൂപയാണ്​ ഇപ്പോഴത്തെ നിരക്ക്​. ഇതിൽ 15 രൂപ റിസർവേഷൻ ചാർജാണ്​. സൂപ്പർ ഫാസ്​റ്റ്​ ട്രെയിനുകളിൽ നിരക്ക്​ പിന്നെയും ഉയരും. നേര​േത്ത പാസഞ്ചറിൽ 20 രൂപ മാത്രമായിരുന്നു ചാർജ്. ഇതിനൊപ്പം സീസൺ ടിക്കറ്റുകളുടെ വിതരണം ആരംഭിക്കാത്തതും സ്ഥിരം യാത്രക്കാർക്ക്​ പ്രതിസന്ധി തീർക്കുന്നു. കോട്ടയം-എറണാകുളം റൂട്ടിൽ 400 രൂപ മാത്രമായിരുന്നു സീസൺ ടിക്കറ്റ്​ നിരക്ക്​. ഇത്​ നിലച്ചതോടെ 2500-3000 രൂപ മുടക്കേണ്ട സ്ഥിതിയിലാണ്​ യാത്രക്കാർ​. ചെറുശമ്പളത്തിന്​ സമീപ പട്ടണങ്ങളിൽ ജോലി ചെയ്​തിരുന്നവർക്ക്​​ ഇത്​ കടുത്ത പ്രതിസന്ധിയാണ്​ സൃഷ്​ടിച്ചിരിക്കുന്നത്​. സീസൺ ടിക്കറ്റും പാസഞ്ചറു​കളും ഇല്ലാതായതോടെ തൊഴിൽതന്നെ ഉപേക്ഷിക്കേണ്ടിവന്നവരും നിരവധിയുണ്ട്​. ബസുകളടക്കം വ്യാപകമായിട്ട​ും ഇപ്പോഴും ട്രെയിൻ യാത്രക്ക്​ റിസർവേഷൻ നിബന്ധന തുടരുന്നതിൽ പ്രതിഷേധവും ഉയരുന്നുണ്ട്​. മണിക്കൂറുകളോളമാണ് ​ ക്യൂ നിൽക്കേണ്ടിവരുന്നത്. സ്ത്രീകൾക്കാണ് ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്​ടിക്കുന്നത്​. ഐ.ആർ.സി.ടി.സി മൊബൈൽ ആപ് വഴി ബുക്കിങ് നടക്കുമെങ്കിലും ഇത് പരിമിതമാണെന്ന്​ ഓള്‍ കേരള റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡൻറ്​ പോള്‍ മാന്‍വെട്ടം പറഞ്ഞു. ആധാർ ലിങ്ക് ചെയ്തവർക്ക് 12, അല്ലാത്തവർക്ക് ആറ് എന്നിങ്ങനെയേ ഒരു മാസം അതിലൂടെ ടിക്കറ്റ് ലഭ്യമാകൂ. ബാക്കിയുള്ള ദിവസങ്ങളിലെ ടിക്കറ്റ്‌ സ്‌റ്റേഷനിൽ വരിനിന്ന്‌ എടുക്കേണ്ട സ്ഥിതിയാണ്​. ചില സ്​റ്റേഷനുകളിൽ റിസർവേഷൻ കൗണ്ടറുകൾ ഇല്ലാത്തതും യാത്രക്കാർക്ക്​ വിനയാണ്​. അൺ റിസർവ്ഡ് ടിക്കറ്റുകളും പാസഞ്ചർ സർവിസുകളും അനുവദിക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. സംസ്ഥാനം ആവശ്യപ്പെട്ടാലേ ലോക്കൽ ട്രെയിനുകളുടെ സർവിസി​ൻെറ കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂവെന്നാണ്​ റെയിൽവേയു​ടെ നിലപാട്​. ഇതോടെ സംസ്ഥാന ഇടപെടൽ തേടി വിവിധ പാസഞ്ചർ അസോസിയേഷനുകൾ മുഖ്യമന്ത്രിക്കും ചീഫ്​ സെക്രട്ടറിക്കും നിവേദനം നൽകിയിരുന്നു. എന്നാൽ, ദുരന്ത നിവാരണ വകുപ്പ് അനുവദിക്കാതെ കേന്ദ്രത്തോട് ആവശ്യം ഉന്നയിക്കാൻ കഴിയില്ലെന്നാണ്​ സംസ്ഥാന സർക്കാർ നിലപാട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.