പ്രകൃതിയെ തൊട്ടറിഞ്ഞ് അടവി-ഗവി ടൂർ പാക്കേജ്

കോന്നി: കോവിഡ് 19 വ്യാപനസാധ്യത കണക്കിലെടുത്ത് താൽക്കാലികമായി നിർത്തിവെച്ചിരുന്ന കോന്നി-അടവി-ഗവി ടൂർ പാക്കേജ് വീണ്ടും സജീവമായി. 2020 മാർച്ചിലായിരുന്നു അടവി-ഗവി ടൂർ താൽക്കാലികമായി നിർത്തിയത്. പത്തുമാസത്തെ കാത്തിരിപ്പിനു ശേഷമാണ്​ കോവിഡ് നിബന്ധനകൾക്ക് വിധേയമായി പദ്ധതി പുനരാരംഭിച്ചത്​. ഡിസംബർ 25ന് ടൂർ പുനരാരംഭിച്ചതോടെ സഞ്ചാരികളും എത്തിത്തുടങ്ങി. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ അഞ്ച് ട്രിപ്പുകളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. 16 പേർക്കുള്ള വനംവകുപ്പി​ൻെറ വാഹനത്തിലാണ് യാത്ര. കോന്നി ആനത്താവളത്തിൽനിന്ന്​ രാവിലെ 7.30ന് ആരംഭിക്കുന്ന യാത്ര രാത്രി 9.30നാണ് അവസാനിക്കുക. രാവിലെ ആനത്താവളത്തിൽനിന്ന്​ പുറപ്പെട്ട ശേഷം അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ എത്തി പ്രഭാതഭക്ഷണവും കഴിഞ്ഞ് തണ്ണിത്തോട്, ചിറ്റാർ, ആങ്ങമൂഴി, കൊച്ചാണ്ടി ചെക്പോസ്​റ്റ്​ വഴി മൂഴിയാർ ഡാം സന്ദർശിച്ചശേഷം യാത്ര തുടരും. കൊച്ചാണ്ടി ചെക്പോസ്​റ്റ്​ മുതൽ വള്ളക്കടവ് വരെ 85 കി.മീ. നിബിഡ വനത്തിലൂടെയാണ് സഞ്ചാരം. നിത്യഹരിത വനങ്ങളും പുൽമേടുകളും ഇലപൊഴിയും വനങ്ങളും എല്ലാം യാത്രയിൽ കാണാൻ കഴിയും. കക്കി ഡാം വ്യൂ പോയൻറ്, പെൻസ്​റ്റോക്ക് പൈപ്പ്, സിനിമ ഷൂട്ടിങ് ലൊക്കേഷനുകൾ, ആനത്തോട് പമ്പ ഡാമുകൾ എന്നിവയെല്ലാം സന്ദർശിച്ചശേഷം ഉച്ചക്ക് കൊച്ചുപമ്പയിൽ എത്തി ഭക്ഷണത്തിനു ശേഷം ബോട്ടിങ്ങും നടത്തും. ഗവിയിലേക്കുള്ള യാത്രയിൽ ബൈബിളിൽ പറയപ്പെടുന്ന നോഹയുടെ പെട്ടകം നിർമിക്കാൻ ഉപയോഗിച്ച ഗോഫർ മരവും കാണാം. തുടർന്ന് പെരിയാർ ടൈഗർ റിസർവ് വഴി വള്ളക്കടവിൽ എത്തി വണ്ടിപ്പെരിയാർ, പീരുമേട്, കുട്ടിക്കാനം, മുണ്ടക്കയം, എരുമേലി, റാന്നി വഴി കുമ്പഴ എത്തി രാത്രിഭക്ഷണത്തിന് ശേഷം കോന്നിയിൽ തിരിച്ചെത്തും. 16 പേർ അടങ്ങുന്ന സംഘത്തിന് ഓരോരുത്തർക്കും 1800 രൂപയും 10 പേരടങ്ങുന്ന സംഘത്തിൽ ഓരോരുത്തർക്കും 1900 രൂപയും ഒമ്പതുപേര് വരെ 2000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. അഞ്ച് വയസ്സിന്​ മുകളിൽ പ്രായമുള്ളവർക്ക് ടിക്കറ്റ് ബാധകമാണ്. ഈ മാസം 12 മുതൽ 15 വരെ തീയതികളിൽ മകരവിളക്ക് കണക്കിലെടുത്ത് ആങ്ങമൂഴി ഗവി യാത്രക്ക് നിയന്ത്രണമുണ്ട്. ചിത്രം: PTG Konni Adavi Gavi കോന്നി-അടവി-ഗവി യാത്രക്ക്​ വനം വകുപ്പ് ഒരുക്കിയിരിക്കുന്ന വാഹനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.