ഇടതുസർക്കാർ നേരിടുന്നത്​ കടുത്ത പ്രതിസന്ധികൾ -മുഖ്യമന്ത്രി

കോട്ടയം: ഒരു സർക്കാറിനും നേരിടേണ്ടിവരാത്ത പ്രതിസന്ധികളാണ് ഇപ്പോൾ ഇടതുമുന്നണി സർക്കാറിനുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പര്യടനയാത്രക്കിടെ കോട്ടയത്ത്‌ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധി വന്നപ്പോൾ നിസ്സഹായതയോടെ നോക്കിനിന്നില്ല. ഐക്യത്തോടെ എല്ലാറ്റിനെയും മറികടന്നു. ഒരു ദുരന്തത്തിനും തകർക്കാനാവാത്ത വിധമുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കിയത്. നാലര വര്‍ഷത്തെ ഭരണം കേരളത്തിന് സമ്മാനിച്ചത് പ്രതീക്ഷയുടെ കാലമാണ്​. പ്രകൃതിക്ഷോഭവും പകര്‍ച്ചവ്യാധികളും സൃഷ്​ടിച്ച വെല്ലുവിളികൾ ഒരേ മനസ്സോടെ നേരിട്ട് സര്‍വതല സ്പര്‍ശിയായ വികസനത്തി‍ൻെറ പാതയില്‍ മുന്നേറാന്‍ സംസ്ഥാനത്തിന് സാധിച്ചു. നവകേരള നിര്‍മിതി ലക്ഷ്യമിട്ട് വിഭാവനം ചെയ്ത നാലു മിഷനുകള്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി. വികസന പാതയില്‍ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അഭിപ്രായങ്ങള്‍ സ്വീകരിക്കാനാണ് വിവിധ മേഖലകളിലുള്ളവരുമായി സംവദിക്കുന്നത്. അധികാരത്തിലെത്തുമ്പോള്‍ അനിശ്ചിതാവസ്ഥയിലായിരുന്ന പല വികസനസംരംഭങ്ങളും സാക്ഷാത്കരിക്കാന്‍ സര്‍ക്കാറിന് സാധിച്ചു. പ്രധാന പദ്ധതികളിലൊന്നായ ഗെയ്ല്‍ പൈപ്പ്​ലൈന്‍ ജനുവരി ആദ്യം ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. വാഗ്ദാനം ചെയ്ത എല്ലാ വികസനപ്രവര്‍ത്തനങ്ങളും നാലുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ച് അഞ്ചാംവര്‍ഷം പുതിയവ നടപ്പാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, കോവിഡ് ഉള്‍പ്പെടെ പ്രതിസന്ധികള്‍ മൂലം ചിലത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതിയില്‍ കോട്ടയം ജില്ലയില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ് -മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കവയിത്രി സുഗതകുമാരിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച യോഗത്തില്‍ മുന്‍ എം.എല്‍.എ വൈക്കം വിശ്വന്‍ അധ്യക്ഷത വഹിച്ചു. എം.പിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടന്‍, എം.എല്‍.എമാരായ സുരേഷ് കുറുപ്പ്, സി.കെ. ആശ, മാണി സി. കാപ്പന്‍, മുന്‍ എം.എല്‍.എ വി.എന്‍. വാസവന്‍, ജില്ല പഞ്ചായത്ത് അംഗം നിര്‍മല ജിമ്മി, കെ.ജെ. തോമസ്, അഡ്വ. കെ. പ്രകാശ്ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.