കോവിഡ്​ പ്രത്യാഘാതം: റബർ ഉൽപാദനവും ഉപഭോഗവും കുറഞ്ഞെന്ന്​ ബോർഡ്​

കോട്ടയം: കോവിഡ്​ പ്രത്യാഘാതം റബർ മേഖലയെ കാര്യമായി ബാധിച്ചെന്ന്​ റബർ ബോർഡ്​. ലോക്​ഡൗണും തുടർനിയന്ത്രണവും റബർ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നും ബോർഡ്​ ചൂണ്ടിക്കാട്ടുന്നു. മാർച്ച്​ മുതൽ സെപ്​റ്റംബർവരെ റബർ ഉൽപാദനത്തിൽ 15.5 ശതമാനത്തി​ൻെറയും ഉപഭോഗത്തിൽ 23.5 ശതമാനത്തി​ൻെറയും കുറവുണ്ടായതായി റബർ മാസികയിൽ ബോർഡ്​ എക്​സിക്യൂട്ടിവ്​ ഡയറക്​ടർ ഡോ. കെ.എൻ. രാഘവൻ തയാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതിസന്ധിയിൽനിന്ന്​ കരകയറ്റാൻ ബോർഡ്​ നിരവധി പദ്ധതികൾ ആവിഷ്​കരിച്ചെങ്കിലും ഉൽപാദനവും ഉപഭോഗവും കാര്യമായി ഉയർത്താനായില്ല. കോവിഡ്​ നിയ​ന്ത്രണങ്ങൾക്കിടയിലും ചട്ടങ്ങൾ പാലിച്ച്​ റബർ ടാപ്പിങ്ങും സംസ്​കരണവും നടത്തി. ഇത്​ വിപണിയിൽ നേരിയ ചലനങ്ങൾ സൃഷ്​ടിച്ചു​. ​ കമ്പനികളുടെ സഹായത്തോടെ നിശ്ചിത വിലയ്​ക്ക്​ റബർ സംഭരിച്ചതും ഗ്ലൗസ്​ നിർമാണത്തിന്​ റബർ പാൽ സംസ്​കരണ യൂനിറ്റുകൾക്ക്​ അനുമതി ലഭ്യമാക്കിയതും മേഖലക്ക്​ ആശ്വാസം പകർന്നു. ലോക്​ഡൗൺ നിലനിന്ന മാർച്ച്​-ഏപ്രിൽ മാസങ്ങൾ റെയി​ൻ ഗാർഡ്​ ചെയ്യേണ്ട കാലമായിരുന്നു. ഇത്​ ​ വൈകിയിരുന്നെങ്കിൽ മേഖലയെ കാര്യമായി ബാധിക്കുമായിരുന്നു. 25,000 ഹെക്​ടർ തോട്ടം റെയിൻ ഗാർഡ്​ ചെയ്യാനുള്ള പദ്ധതി ബോർഡ്​ തയാറാക്കി. ഇതിനായി മിതമായ പലിശനിരക്കിൽ വായ്​പ ലഭ്യമാക്കി. ബോർഡ്​ കമ്പനികളിലൂടെ കർഷകർക്കായി ക്രെഡിറ്റ്​ സ്​കീം നടപ്പാക്കി. വിലയിടിവിൽ നട്ടം തിരിയുന്ന കർഷകർക്ക്​ ആശ്വാസമാകുന്ന പദ്ധതികൾ ബോർഡ്​ തയാറാക്കി വരുകയാണ്​. നിലവിൽ റബർ വിലയിലെ നേരിയ വർധന കർഷകർക്ക്​ ആശ്വാസമേകുന്നുണ്ടെന്നും ബോർഡ്​ വിലയിരുത്തുന്നു. സി.എ.എം. കരീം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.