യൂത്ത് കോൺഗ്രസ് മാർച്ച്​: ചാണ്ടി ഉമ്മനും ടോം കോരക്കും പരിക്ക്

കോട്ടയം: സ്വർണക്കടത്ത് കേസിൽ അടക്കം ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് നിരോധനാജ്ഞ ലംഘിച്ച് കോട്ടയത്ത് യൂത്ത് കോൺഗ്രസ് നടത്തിയ എസ്​.പി ഓഫിസ് മാർച്ചിനുനേരെ പൊലീസ്​ ലാത്തിച്ചാർജ്​. മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ, സംസ്ഥാന സെക്രട്ടറി അഡ്വ. ടോം കോര അഞ്ചേരിൽ എന്നിവർക്ക്​ പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ്​ ചിൻറു കുര്യൻ ജോയിയുടെ നേതൃത്വത്തിൽ തിരുനക്കരയിൽനിന്ന്​ പ്രകടനം ആരംഭിച്ചത്. കലക്ടറേറ്റിന് സമീപം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേഡ് മറിച്ചിട്ട് പ്രവർത്തകർ കലക്ടറേറ്റിൽ കയറാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. തുടർന്ന്​ പ്രവർത്തകർ കുത്തിയിരുന്ന് കെ.കെ റോഡ്​ ഉപരോധിച്ചു. ഇതോടെ പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തി വീശുകയായിരുന്നു. ഒരു മണിക്കൂറോളം കെ.കെ റോഡിൽ ഗതാഗതം സ്തംഭിച്ചു. ഇതിനിടെയാണ് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക്​ പരിക്കേറ്റത്. ലാത്തികൊണ്ടുള്ള അടി തടുത്തപ്പോൾ പൊലീസ്​ ഷീൽഡ്​കൊണ്ട്​ തലക്ക്​ അടിക്കുകയായിരു​െന്നന്ന്​ ടോം കോര പറഞ്ഞു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ചാണ്ടി ഉമ്മ​ൻെറ കൈക്കാണ്​ പരിക്ക്​. കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ മാർച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ അഡ്വ. പി.എ. സലിം, നാട്ടകം സുരേഷ്, സംസ്ഥാന സെക്രട്ടറിമാരായ ജോബിൻ ജേക്കബ്, സിജോ ജോസഫ്, സുബിൻ മാത്യു, റോബി ഊടുപുഴയിൽ, നായിഫ് ഫൈസി, റിജു ഇബ്രാഹിം, രാഹുൽ മറിയപ്പള്ളി, തോമസ്‌കുട്ടി മുക്കാല, ജെനിൻ ഫിലിപ്, നിബു ഷൗക്കത്ത്, ജെയ്‌സൺ പെരുവേലി, ഫെമി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.