മുന്നണികള്‍ക്ക് അഭിമാനം; ജില്ല പഞ്ചായത്ത് പോരാട്ടം കനക്കും

കോട്ടയം: കേരള കോണ്‍ഗ്രസി​ൻെറ മുന്നണി മാറ്റത്തോടെ സംസ്​ഥാനത്തുതന്നെ ശ്രദ്ധകേന്ദ്രമായ കോട്ടയം ജില്ല പഞ്ചായത്തിനെ ഇക്കുറി കാത്തിരിക്കുന്നത്​ കനത്ത​ പോരാട്ടം. അകന്നുനിൽക്കുന്ന ജില്ല പഞ്ചായത്ത്​ ഭരണം മുന്നണി മാറിയെത്തിയ ജോസ്​ കെ.മാണിക്കൊപ്പം ചേർന്ന്​ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്​. ജോസ് വിഭാഗം ഇല്ലെങ്കിലും കോട്ടയത്തി​ൻെറ കുത്തക തകര്‍ക്കാനാവില്ലെന്ന് തെളിയിക്കേണ്ടതി​ൻെറ ഉത്തരവാദിത്തം യു.ഡി.എഫും ഏറ്റെടുത്തതോടെ പേരാട്ടം കനക്കുമെന്ന സൂചനകളാണ്​ പുറത്തുവരുന്നത്​. ജില്ല പഞ്ചായത്തില്‍ ആധിപത്യം നേടാന്‍ കഴിഞ്ഞാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് ഇരുമുന്നണികളുടെയും വിലയിരുത്തല്‍. ജോസ്​ വിഭാഗത്തി​ൻെറ ശക്തി അളക്കുന്നതും ജില്ല പഞ്ചായത്ത്​ സീറ്റുകളെ അടിസ്​ഥാനമാക്കിയാകും. ഇതാണ്​ ജില്ല പഞ്ചായത്ത് ഭരണത്തിനായി കടുത്ത പോരിനിറങ്ങാൻ കോൺഗ്രസിനെയും മാണി വിഭാഗത്തെയും പ്രേരിപ്പിക്കുന്നത്​. 22 ജില്ല പഞ്ചായത്തില്‍ 12 സീറ്റുകളില്‍ വിജയിച്ചാല്‍ ഭരണം പിടിക്കാനാകും. ഇത് മുന്നില്‍ കണ്ട് ഇത്തവണ ജനസമിതിയുള്ളവരും മുതിര്‍ന്നവരുമായ നേതാക്കളെയാണ് ഇരു മുന്നണിയും പരിഗണിക്കുന്നത്. ഒരുസീറ്റെങ്കിലും ഇത്തവണ പിടിച്ചെടുക്കാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയും ശക്തിമായി മത്സരരംഗത്തുണ്ട്. കഴിഞ്ഞതവണ യു.ഡി.എഫില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും 11 സീറ്റുകള്‍ വീതമാണ് മത്സരിച്ചത്. എല്‍.ഡി.എഫില്‍ 15 സീറ്റില്‍ സി.പി.എമ്മും നാലു സീറ്റില്‍ സി.പി.ഐയും ജനപക്ഷം രണ്ടുസീറ്റിലും ഒരു സീറ്റില്‍ എന്‍.സി.പിയുമാണ് മത്സരിച്ചത്. ഇത്തവണ ജോസ് വിഭാഗം 11 സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങളെക്കാൾ കൂടുതൽ സീറ്റുകൾ ജോസ്​ വിഭാഗത്തിന്​ നൽകാനുള്ള നീക്കത്തിൽ സി.പി.ഐ എതിർപ്പുയർത്തിയേക്കും. ജില്ല പഞ്ചായത്തിലെ സീറ്റ്​ വിഭജനചർച്ചകൾക്കായി ചൊവ്വാഴ്​ചയോ ബുധനാഴ്​ചയോ ജില്ല കമ്മിറ്റിയോഗം ചേരും. അതിനിടെ, സീറ്റ്​ ചർച്ചകൾക്ക്​ ഔദ്യോഗിക തുടക്കമിടാൻ ചൊവ്വാഴ്​ച യു.ഡി.എഫ് സമ്പൂര്‍ണ നേതൃയോഗം ചേരുമെന്ന്​ അറിയിച്ചിരുന്നെങ്കിലും ഇത്​ മാറ്റി. പി.ജെ. ജോസഫി​ൻെറ അസൗകര്യമാണ്​ കാരണമായി പറയുന്നത്​. യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കു മുന്നോടിയായി കഴിഞ്ഞദിവസം കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ്-ജോസഫ് വിഭാഗവും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടന്നിരുന്നുവെങ്കിലും തീരുമാനമുണ്ടായിരുന്നില്ല. കഴിഞ്ഞതവണ സംയുക്ത കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകളൊന്നും വിട്ടുനല്‍കേണ്ടതില്ലെന്ന തീരുമാനത്തിലാണു ജോസഫ് വിഭാഗം. ഇതനുസരിച്ചു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിനുള്ള നീക്കങ്ങളും ആരംഭിച്ചു. സ്വാധീനം കുറവുള്ള മേഖലകളില്‍ ജോസ് കെ.മാണി വിഭാഗത്തില്‍നിന്ന്​ സ്ഥാനാര്‍ഥികളെ അടര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാല്‍, സീറ്റുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തിട്ടില്ല. സംയുക്ത കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗം കഴിഞ്ഞതവണ മത്സരിച്ച സീറ്റുകള്‍ക്ക്​ തുല്യമായ സീറ്റുകള്‍ ഇത്തവണയും വിട്ടുനല്‍കുകയെന്ന തീരുമാനത്തിലാണ്​ കോണ്‍ഗ്രസ്​. മറ്റു സീറ്റുകളില്‍ വിജയസാധ്യതയുടെ അടിസ്ഥാനത്തില്‍ പങ്കിടാനാണ്​ തീരുമാനം. അതിനിടെ ചുമരെ​ഴുത്തുകൾക്കായും മുന്നണികളുടെ മത്സരം തുടങ്ങി. പലയിടങ്ങളിലും ചുമരുകൾ മുൻകൂട്ടി ബുക്ക്​ ചെയ്​തുകഴിഞ്ഞു. മുന്നണികളുടെ പേരെഴുതിയാണ്​ മതിലുകൾ ബുക്ക്​ ചെയ്​തിരിക്കുന്നത്​. ഉടമകളുടെ അനുവാദം വാങ്ങിയാണ്​ മതിലുകളിൽ പേരെഴുത്ത്​. ​ ജില്ല പഞ്ചായത്ത്​: ആകെ ഡിവിഷനുകള്‍- 22 (പൂഞ്ഞാര്‍ ഡിവിഷനിലെ ലിസി സെബാസ്​റ്റ്യൻ (ജനപക്ഷം)മരണമടഞ്ഞതിനാല്‍, നിലവില്‍ 21 അംഗങ്ങള്‍) യു.ഡി.എഫ് കോണ്‍ഗ്രസ്- എട്ട്​ കേരള കോണ്‍ഗ്രസ് എം(ജോസഫ്)- രണ്ട്​ എല്‍.ഡി.എഫ്. സി.പി.എം- ആറ്​ കേരള കോണ്‍ഗ്രസ് എം(ജോസ്)- നാല്​ സി.പി.ഐ- ഒന്ന്​ പടം കോട്ടയം ചുങ്കത്ത്​ എൽ.ഡി.എഫ്​ പ്രവർത്തകർ ബുക്ക്​ ചെയ്​ത മതിലുകളിലൊന്ന്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.