സ്വാതന്ത്ര്യം അപകടത്തിലാകുമ്പോഴും നാം നിശ്ശബ്​ദർ -മാർ തോമസ്​ തറയിൽ

കോട്ടയം: സ്വതന്ത്ര ഇന്ത്യയുടെ ഗതിയിൽ ആശങ്കപ്പെട്ടും ജനാധിപത്യം അപകടത്തിലായിരിക്കുന്നുവെന്ന മുന്നറിയിപ്പുമായി ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ്​ തറയിൽ. ഫാ. സ്​റ്റാൻ സ്വാമിയുടെ അറസ്​റ്റിനെ അപലപിച്ച്​ 'സ്വാതന്ത്ര്യം അപകടത്തിലാകുമ്പോഴും നാം നിശ്ശബ്​ദരാണ്​' എന്ന തലക്കെട്ടിൽ ഫേസ്​ബുക്കിലെഴുതിയ കുറിപ്പിലാണ്​ അദ്ദേഹം ചോദ്യങ്ങൾ ഉയർത്തുന്നത്​. ആദിവാസികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ഫാ. സ്​റ്റാൻ സ്വാമിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്​റ്റ്​ ചെയ്തു. ശക്തമായി അപലപിക്കുന്നു. ഒപ്പം സ്വതന്ത്ര ഇന്ത്യയുടെ ഗതിയെങ്ങോട്ടെന്നോർത്തുള്ള ആശങ്കയുമുണ്ട്. പാവപ്പെട്ടവർക്കുവേണ്ടി പ്രവർത്തിക്കുന്ന കത്തോലിക്ക വൈദികരെ ഇതുവരെ മതപരിവർത്തനം ആരോപിച്ചായിരുന്നു പീഡിപ്പിച്ചിരുന്നത്. രാജ്യദ്രോഹം ജാമ്യംപോലും കിട്ടാത്ത വകുപ്പായതുകൊണ്ട്​ ഭരണക്കാർക്ക്​ അത്​ എളുപ്പമാണ്. ഭയപ്പെടുത്തി നിശ്ശബ്​ദരാക്കാൻ ഇത് പട്ടാളഭരണമോ ഏകാധിപത്യമോ ഒന്നുമല്ല എന്നോർക്കുമ്പോഴാണ് അത്ഭുതം. ഇന്ത്യയുടെ ജനാധിപത്യം അപകടത്തിലായിരിക്കുന്നു -കുറിപ്പിൽ മാർ തോമസ്​ തറയിൽ പറയുന്നു. ഇന്ത്യയിൽ ജനാധിപത്യം വിജയിക്കില്ലെന്ന്​ പണ്ട് വിൻസ്​റ്റൺ ചർച്ചിൽ പറഞ്ഞപ്പോൾ നാമയാളെ പുച്ഛിച്ചു. എന്നാൽ, ഇന്നൊരുകാര്യം തിരിച്ചറിയുന്നു. സ്വന്തം അവകാശങ്ങളെ കുറിച്ച് അറിവില്ലാത്ത ജനങ്ങൾക്ക് ജനാധിപത്യവും ഏകാധിപത്യവും തമ്മിൽ വിവേചിച്ചറിയാൻ സാധിക്കില്ല -​ കുറിപ്പ്​ വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.