സ്വർണക്കടത്ത്​: മൂന്നാര്‍ മേഖല കേന്ദ്രീകരിച്ച് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം

മൂന്നാര്‍: സ്വപ്​ന സുരേഷും സംഘവും യു.എ.ഇ കോൺസുലേറ്റ്​ വഴി സ്വർണംകടത്തിയ കേസിൽ മൂന്നാറും അന്വേഷണ പരിധിയില്‍. മൂന്നാര്‍ മേഖല കേന്ദ്രീകരിച്ച് സ്‌പെഷല്‍ ബ്രാഞ്ചാണ്​ അന്വേഷണം ആരംഭിച്ചത്​. പ്രതികള്‍ മൂന്നാര്‍ കേന്ദ്രീകരിച്ച് അനധികൃതമായി റിയൽ എസ്​റ്റേറ്റ്​ ഇടപാട്​ നടത്തിയതായി സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ലക്ഷ്മി, പോതമേട്, മാങ്കുളം, ചിന്നക്കനാല്‍ തുടങ്ങിയ മേഖലകളില്‍ റിസോര്‍ട്ടടക്കം ബിനാമി പേരില്‍ പ്രതികള്‍ വാങ്ങിയിട്ടുണ്ടെന്നാണ് വിവരം . ദിവസങ്ങളുടെ അന്വേഷണത്തിനൊടുവിലും ദുരൂഹത നീക്കാനായിട്ടില്ല. വ്യക്​തമായ തെളിവ്​ ലഭിക്കുന്നതിലെ സാ​ങ്കേതിക തടസ്സമാണ്​ പ്രശ്​നം. മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമികള്‍ പലതും സ്വകാര്യ വ്യക്തികളുടെ കൈവശമുണ്ടെങ്കിലും ഉടമ്പടി കരാറായിട്ടാണ്​. ഭൂമിക്ക് കൃത്യമായ രേഖകളില്ലാത്തതിനാല്‍ രജിസ്​ട്രാർ മുമ്പാകെ ഉടമ്പടി രജിസ്​റ്റർ ചെയ്യാൻ കഴിയില്ല. ഈ സാഹചര്യത്തില്‍ പ്രതികള്‍ ഭൂമിയും കെട്ടിടങ്ങളും വാങ്ങിയിട്ടുണ്ടെങ്കില്‍ത്തന്നെ കണ്ടെത്തുക പ്രയാസമാണെന്ന് അധികൃതര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.