ബി.എസ്.എന്‍.എല്‍ വാക്കുപാലിച്ചില്ല; ഓൺലൈൻപഠനം പരിധിക്കുപുറത്ത്​

മുണ്ടക്കയം: നൂറുദിനം പിന്നിട്ടിട്ടും ബി.എസ്.എന്‍.എൽ വാക്കുപാലിച്ചില്ല, ഓണ്‍ലൈന്‍ പഠനത്തില്‍ ട്രീസയും ആന്‍സിയയും ഇപ്പോഴും പരിധിക്ക്​ പുറത്തുതന്നെ. ഓണ്‍ലൈന്‍ പഠനത്തിന്​ കൊക്കയാര്‍ പഞ്ചായത്തിലെ മുക്കുളം ടോപ്പിലെ കുട്ടികള്‍ കാത്തിരിപ്പ്​ തുടങ്ങിയിട്ട്​ നൂറുദിനം പിന്നിട്ടു. ഇവരുടെ വിഷമകഥ ബോധ്യപ്പെട്ട ബി.എസ്.എന്‍.എല്‍ ആവട്ടെ വാക്കുപാലിക്കാനും തയാറല്ല. മുക്കുളം ടോപ് പുല്ലൂരത്തില്‍ പി.ജെ. വക്കച്ച​ൻെറ മക്കളായ ട്രീസ വര്‍ഗീസും ആന്‍സിയ വര്‍ഗീസുമാണ് നാട്ടിലെ കുട്ടികളുടെ ദുരിതകഥ അധികാരികളെ അറിയിച്ചത്. എന്നാല്‍, ഇതൊന്നും കാണാനും കേള്‍ക്കാനും അധികാരികള്‍ തയാറായിട്ടുമില്ല. ജൂണില്‍ ഓണ്‍ലൈന്‍പഠനം തുടങ്ങിയതോടെ ട്രീസയും ആൻസിയയും മൊബൈല്‍ ഫോണുമായി പഠനത്തിനൊരുങ്ങിയെങ്കിലും നെറ്റ്​വര്‍ക്കില്ല. സ്വകാര്യ കമ്പനികളുടെ ഫോണുകളും പരീക്ഷിച്ചുനോക്കി, മാറ്റമില്ല. മേഖലയിലെ മറ്റു കുട്ടികളും ഈ അവസ്ഥയില്‍തന്നെ. വീട്ടുമുറ്റത്തെ പ്ലാവിന്​ മുകളില്‍ പ്ലാസ്​റ്റിക് കയറില്‍ സഞ്ചി കെട്ടിത്തൂക്കി. നീളത്തിലുള്ള കയറിന്​ വലിക്കാനായ കപ്പിയും ഘടിപ്പിച്ചു. പഠനസമയത്ത് മൊബൈല്‍ ഫോണ്‍ സഞ്ചിയിലാക്കി മുകളിലേക്ക് ഉയര്‍ത്തും. പഠനഭാഗം ഡൗണ്‍ലോഡ് ആയശേഷമേ സഞ്ചി താഴെയിറക്കൂ. അങ്ങനെയാണ്​ പാഠഭാഗങ്ങള്‍ തയാറാക്കി വന്നത്. കുട്ടികളുടെ ദുരിതകഥ സ്ഥലം എം.പി ഡീന്‍കുര്യാക്കോസി​ൻെറ ശ്രദ്ധയില്‍പെട്ടതോടെ വിഷയത്തില്‍ പച്ചക്കൊടിയായി. കുട്ടികളുടെ മരക്കൊമ്പിലെ പഠനം ഡീന്‍ ബി.എസ്.എന്‍.എല്‍ ജനറല്‍ മാനേജറെ ബോധ്യ​െപ്പടുത്തി. ഉടന്‍ പരിഹാരമുണ്ടാക്കുമെന്ന്​ ജനറല്‍ മാനേജര്‍ ഉറപ്പും നല്‍കി. എന്നാല്‍, മാസം മൂന്നു കഴിഞ്ഞിട്ടും മാനേജര്‍ ഓഫ് ലൈനില്‍ തന്നെയാണ്. കുട്ടികളുടെ പഠനം മരക്കൊമ്പിലും. അധികാരികളുടെ കനിവിന്​ കാത്തിരിക്കുകയാണ് ട്രീസയും ആന്‍സിയയയും ഒപ്പം കൂട്ടുകാരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.