അനസ്​തേഷ്യ ഡോക്​ടർ ഉടക്കി; പരിക്കേറ്റ സ്​ത്രീയുടെ ശസ്​ത്രക്രിയ മുടങ്ങി

അടിമാലി: അനസ്​തേഷ്യ നൽകാൻ ഡോക്​ടർ തയാറാകാതിരുന്നതിനെ തുടർന്ന്​ അടിമാലി താലൂക്ക്​ ആശുപത്രിയിൽ അവസാന നിമിഷം ശസ്​ത്രക്രിയ മുടങ്ങി. അപകടത്തിൽ പരിക്കേറ്റ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശാന്തൻപാറ ചെരിയാർ സ്വദേശിനി അരുണാദേവിക്കാണ് (34) അടിമാലി താലൂക്കാശുപത്രിയിലെ അനസ്​തേഷ്യ ഡോക്​ടറുടെ പിടിവാശിയിൽ ദുരിതമനുഭവിക്കേണ്ടി വന്നത്. ഇവരെ പിന്നീട്​ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി. ബുധനാഴ്ച വൈകീട്ട്​ വീടിന് മുന്നിൽ വെച്ചാണ് അരുണാ ദേവിക്ക് വാഹനാപകടത്തിൽ കാലിന് ഗുരുതര പരിക്കേറ്റത്. ബന്ധുക്കളും നാട്ടുകാരും ചേർന്നാണ്​ ഇവരെ അടിമാലി താലൂക്ക്​ ആശുപത്രിയിൽ എത്തിച്ചത്​. അസ്ഥിരോഗ വിഭാഗം മേധാവി അരുണാദേവിയെ പരി​േശാധിക്കുകയും വെള്ളിയാഴ്ച​ ശസ്​ത്രക്രിയ തീരുമാനിക്കുകയും ചെയ്​തു. വിവരം അനസ്​തേഷ്യ വിഭാഗത്തിലെ ഡോക്​ടറെയും അറിയിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടിന് രോഗിയെ തിയറ്ററിൽ എത്തിച്ചപ്പോഴാണ്​ അനസ്​തേഷ്യ നൽകാൻ തയാറല്ലെന്ന്​ ഡോക്​ടർ നിലപാടെടുത്തത്​. തന്നെ മുൻകൂട്ടി അറിയിച്ചില്ലെന്നും ഗൈനക്​ വിഭാഗത്തിൽ കൂടുതൽ കേസുണ്ടെന്നുമായിരുന്നു അനസ്​തേഷ്യ വിഭാഗം ഡോക്​ടറുടെ നിലപാട്​. ​ഡോക്​ടർമാർ തമ്മിൽ തർക്കം രൂക്ഷമായതോടെ സൂപ്രണ്ടും മറ്റ് ഡോക്ടർമാരും ചർച്ച നടത്തിയെങ്കിലും അനസ്​തേഷ്യ ഡോക്​ടർ വഴങ്ങിയില്ല. ആറു മണിക്കൂറോളം ഓപറേഷൻ തിയറ്ററിലെ ടേബിളിൽ കിടന്ന ശേഷമാണ്​ രോഗിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക്​ മാറ്റിയത്​. തോട്ടം ​െതാഴിലാളിയാണ് അരുണാദേവി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.