ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കാൻ വാദിച്ചവർ ദേശീയതയും മതേതരത്വവും പറയുന്നു -എളമരം കരീം

കോട്ടയം: ഭരണഘടനയും ദേശീയപതാകയും അംഗീകരിക്കാതെ ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കണമെന്ന്‌ വാദിച്ചവരാണ്‌ ഇപ്പോൾ ദേശീയതയും മതേതരത്വവും പറയുന്നതെന്ന്‌ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി. തിരുനക്കര മൈതാനത്ത്‌ സി.ഐ.ടി.യു, കെ.എസ്‌.കെ.ടി.യു, കേരള കർഷകസംഘം സംയുക്തമായി സംഘടിപ്പിച്ച ജനജാഗ്രത സദസ്സ്​ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരപോരാട്ടങ്ങളിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിനൊപ്പം ഒരുഭാഗത്ത്‌ കമ്യൂണിസ്‌റ്റുകാരും ഇടതുപക്ഷക്കാരുമായിരുന്നു. ഈ സമരങ്ങളാണ്‌ രാജ്യത്ത്‌ ദേശീയ രാഷ്‌ട്രീയ ചിന്ത ഉയർത്തിക്കൊണ്ടുവന്നത്‌. ആർ.എസ്‌.എസിന്റെ ആശയം ചരിത്രമായി എഴുതാനാണ്‌ ചരിത്രഗവേഷണ കൗൺസിലിലെ നിഷ്‌പക്ഷരായവരെ ഒഴിവാക്കി അതിനു പറ്റിയവരെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചത്‌. മതത്തിന്‍റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച്‌, മോദി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഉയരുന്ന ജനവികാരത്തെ ബി.ജെ.പി ദുർബലപ്പെടുത്തുകയാണെന്നും എളമരം കരീം പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ. വാസവൻ, സി.ഐ.ടി.യു സംസ്ഥാന വൈസ്‌ പ്രസിഡന്‍റ്​ കെ.ജെ. തോമസ്‌, കിസാൻ സഭ വർക്കിങ്‌ കമ്മിറ്റി അംഗം ഓമല്ലൂർ ശങ്കരൻ, മുതിർന്ന നേതാവ്‌ വൈക്കം വിശ്വൻ, സി.ഐ.ടി.യു ജില്ല സെക്രട്ടറി ടി.ആർ. രഘുനാഥ്‌, പ്രസിഡന്‍റ്​ അഡ്വ. ​റെജി സക്കറിയ, ജില്ല ജോയന്റ്‌ സെക്രട്ടറിമാരായ അഡ്വ. കെ. അനിൽകുമാർ, സി.ജെ. ജോസഫ്‌, കർഷക സംഘം ജില്ല സെക്രട്ടറി കെ.എം. രാധാകൃഷ്‌ണൻ, ജില്ല പ്രസിഡന്‍റ്​ പ്രഫ. ആർ. നരേന്ദ്രനാഥ്‌, മുൻ എം.എൽ.എ സുരേഷ്‌ കുറുപ്പ്‌, കെ.എസ്‌.കെ.ടി.യു ജില്ല സെക്രട്ടറി എം.കെ. പ്രഭാകരൻ, സി.ഐ.ടി.യു ജില്ല വൈസ്‌ പ്രസിഡന്‍റ്​ പി.ജെ. വർഗീസ്‌ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.