ക്വാറം തികയാതെ ഗ്രാമസഭ ആരംഭിച്ചത് ചോദ്യംചെയ്തു; ഓട്ടോ ഡ്രൈവർക്ക് മർദനം

എരുമേലി: പഞ്ചായത്ത് ആറാം വാർഡിൽ ക്വാറം തികയാതെ ഗ്രാമസഭ ആരംഭിച്ചത് ചോദ്യംചെയ്തതിന് ഓട്ടോ തൊഴിലാളിയെ മർദിച്ചതായി പരാതി. എരുമേലി ടൗണിലെ ഓട്ടോ തൊഴിലാളിയും എ.ഐ.ടി.യു.സി ഓട്ടോ തൊഴിലാളി യൂനിയൻ മേഖല സെക്രട്ടറിയുമായ റെജി വാളിപ്ലാക്കലിനാണ് മർദനമേറ്റത്. വെള്ളിയാഴ്ച വ്യാപാരി ഭവനിൽ നടന്ന ഗ്രാമസഭക്കിടെയാണ് റെജി പ്രതിഷേധം അറിയിച്ചത്. ഇതിനെ തുടർന്ന് ശനിയാഴ്ച രാവിലെ എരുമേലി സ്റ്റാൻഡിൽനിന്ന്​ ഓട്ടം പോകാനെന്ന വ്യാജേന ബാരി എന്നയാൾ റെജിയെ കൂട്ടിക്കൊണ്ടുപോവുകയും നേർച്ചപ്പാറ റോഡിൽ പഞ്ചായത്ത്​ അംഗം ഷാനവാസ്, അനന്തു എന്നിവർ ചേർന്ന് മർദിക്കുകയായിരുന്നുവെന്നും സി.പി.ഐ നേതാക്കൾ ആരോപിച്ചു. ഗുരുതര പരിക്കേറ്റ റെജിയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.ഐ എരുമേലി ലോക്കൽ സെക്രട്ടറി അനിശ്രീ സാബു, മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി.പി. സുഗതൻ, എസ്. സാബു, കെ.ബി. പുഷ്പനാഥ്, ഫിലിപ്പോസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. റെജിയെ മർദിച്ചതിൽ പ്രതിഷേധിച്ച് എ.ഐ.ടി.യു.സി നേതൃത്വത്തിൽ എരുമേലി ടൗണിൽ പ്രതിഷേധ പ്രകടനവും നടത്തി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ വൻ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും നേതാക്കൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.