മുട്ടിൽ മരംമുറി: ഫ്ലയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസർക്കെതിരെ അന്വേഷണ റിപ്പോർട്ട്

കൽപറ്റ: മുട്ടിൽ മരംമുറി കേസില്‍ കല്‍പറ്റ ഫ്ലയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസറായിരുന്ന എം. പത്മനാഭനെതിരെ അന്വേഷണ റിപ്പോർട്ട്. പ്രതികള്‍ക്ക് വേണ്ടി പത്മനാഭൻ ഒത്തുകളിച്ചെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റർ റിപ്പോർട്ട് നൽകി. ഈ മാസം 31ന് വിരമിക്കാനിരിക്കേയാണ് വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ നിർണായക തെളിവുകൾ ലഭിച്ചത്. മുട്ടില്‍ കേസിലെ പ്രതികളുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായാണ് കണ്ടെത്തൽ. മുട്ടില്‍ കേസിലും വൃക്ഷത്തൈ നടീല്‍ ക്രമക്കേടിലും ആരോപണവിധേയനായ ഉദ്യോഗസ്ഥനാണ് റേഞ്ച് ഓഫിസര്‍ എം. പത്മനാഭന്‍. സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ മരംകൊള്ളക്ക് കല്‍പറ്റ ഫ്ലയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസറായിരിക്കെ ഒത്താശ ചെയ്‌തെന്നാണ് ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.കെ. വിനോദ് കുമാറിന്റെ റിപ്പോര്‍ട്ടിലുള്ളത്. പത്മനാഭനെതിരെ മുമ്പ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിശദമായ റിപ്പോര്‍ട്ട് നല്‍കുന്നത്. ഫ്ലയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസറായിരിക്കെ 2021 ജനുവരി ആറിനും മേയ് 30നും ഇടയില്‍ പത്മനാഭന്‍ 130 തവണ മുട്ടില്‍ മരംമുറി കേസിലെ മുഖ്യപ്രതി റോജി അഗസ്റ്റിനെ വിളിച്ചെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. റോജി 101 തവണ പത്മനാഭനെ തിരിച്ചുവിളിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. പ്രതികളുമായി പത്മനാഭന്‍ വഴിവിട്ടബന്ധം പുലര്‍ത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈട്ടിത്തടികള്‍ വയനാട്ടില്‍നിന്ന് കടത്തിക്കൊണ്ടുപോയിട്ടും നടപടിയെടുത്തില്ല. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതിന് പകരം അവര്‍ക്കൊപ്പം നിലകൊണ്ടുവെന്നും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടിലുണ്ട്. ഇതുസംബന്ധിച്ച കുറ്റപത്രം വനംവകുപ്പ് പത്മനാഭന് കൈമാറി. മുട്ടില്‍ ഈട്ടിക്കൊള്ളയില്‍ അഗസ്റ്റിന്‍ സഹോദരങ്ങളുടെ പങ്ക് പുറത്തുകൊണ്ടുവന്ന അന്വേഷണ ഉദ്യോഗസ്ഥനെ കുടുക്കാന്‍ വ്യാജ റിപ്പോര്‍ട്ടുണ്ടാക്കിയെന്ന ആരോപണം നേരിടുന്ന ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി. സാജനെതിരെ വകുപ്പുതല നടപടിക്ക് ശിപാര്‍ശ ചെയ്യുന്ന റിപ്പോർട്ട് ഫയല്‍ സഹിതം മുഖ്യമന്ത്രിയുടെ ഓഫിസ് മടക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.