പൈപ്പുപൊട്ടി തകർന്ന് കറുകച്ചാല്‍-മണിമല റോഡ്

കറുകച്ചാല്‍: പൈപ്പുപൊട്ടൽ തുടർക്കഥയായതോടെ കറുകച്ചാല്‍-മണിമല റോഡിന്‍റെ വിവിധ ഭാഗങ്ങൾ തകർച്ചയിൽ. റോഡിന്‍റെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് കുഴികളാണ് രൂപപ്പെട്ടത്​. ഇത്തരം കുഴികളിൽചാടി ഇരുചക്രവാഹന യാത്രികരടക്കം അപകടത്തില്‍പെട്ടിട്ടും നടപടിയില്ല. ഉന്നത നിലവാരത്തില്‍ നിര്‍മിച്ച റോഡ് ചുരുങ്ങിയ കാലത്തിൽ തകര്‍ന്നിട്ടും കുഴികളടക്കാനോ അറ്റകുറ്റപ്പണി കൃത്യമായി നടത്താനോ അധികൃതർ തയാറാകു​ന്നില്ലെന്നും പരാതിയുണ്ട്​. നെടുമണ്ണി, ഇലയ്ക്കാട്, പത്തനാട്, നെരിയാനിപൊയ്ക തുടങ്ങിയ സ്ഥലങ്ങളിലെല്ലാം റോഡ്​ തകര്‍ന്നു​. മഴക്കാലം ആരംഭിച്ചതോടെ പലയിടത്തും റോഡില്‍ വെള്ളവും ചളിയും കെട്ടിക്കിടക്കുകയാണ്. ഓരോ തവണയും പൈപ്പില്‍ വെള്ളമെത്തുന്നതോടെ ഓരോ ഭാഗങ്ങള്‍ തകരുന്നതാണ്​ സ്ഥിതി. ചിലയിടങ്ങളില്‍ ടാറിങ് വിണ്ടുകീറിയ നിലയിലാണ്. പലഭാഗങ്ങളും ടാറിങ് ഇടിഞ്ഞുതാഴ്ന്നു തുടങ്ങി. ഇ​തിനൊപ്പം പതിനായിരക്കണക്കിന് ലിറ്റര്‍ വെള്ളവും പാഴാകുന്നുണ്ട്​. ഇതുസംബന്ധിച്ച് പലവട്ടം നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടികളും അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും സ്ഥലം സന്ദര്‍ശിക്കാന്‍പോലും നടപടിയുണ്ടായില്ല. പൈപ്പുകളുടെ കാലപ്പഴക്കമാണ്​ പലപ്പോഴും പൊട്ടാൻ കാരണമാകുന്നത്​. ഏറെനാളത്തെ പരാതികൾക്കുശേഷം ജലവിതരണ വകുപ്പ് ജീവനക്കാരെത്തി റോഡ് കുഴിച്ച് പെപ്പ്​ നന്നാക്കിയാലും ദുരിതം തുടരും. ടാറിങ് തകര്‍ന്ന് വലിയ കുഴികളുണ്ടായ ചിലയിടങ്ങളിൽ കോണ്‍ക്രീറ്റിങ് നടത്തിയിട്ടുണ്ട്. ഇതിന് വേണ്ടത്ര നിലവാരമില്ലാത്തതിനാല്‍ പെട്ടെന്ന് ഇളകിപ്പോകുമെന്നും ആക്ഷേപമുണ്ട്​. -------- പടം പത്തനാട് ഇലക്കാടിനുസമീപം പൈപ്പ്പൊട്ടി റോഡിൽ രൂപപ്പെട്ട കുഴികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.