പരവൂർ: കലയ്ക്കോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പി.സി.ആർ മെഷീൻ സ്ഥാപിച്ചു. ഇത്തിക്കര ബ്ലോക്കിന് കീഴിലുള്ള എല്ലാ പഞ്ചായത്തുകളും പൂർണമായും ക്ഷയരോഗ വിമുക്തമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ബ്ലോക്ക് പഞ്ചായത്ത് പി.സി.ആർ മെഷീൻ സ്ഥാപിച്ചത്. ക്ഷയരോഗം വളരെ വേഗത്തിൽ കണ്ടെത്താനുള്ള അത്യാധുനിക മെഷീനാണ് ട്രൂനാറ്റ് പി.സി.ആർ. ടി.ബി മുക്ത പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനും കുറഞ്ഞ സമയത്തിൽ കൂടുതൽ കൃത്യതയോടെ റിസൾട്ട് നൽകാനും പ്രാപ്തമാണ് പി.സി.ആര് മെഷീൻ. ഈ കൊല്ലത്തെ ടി.ബി മുക്ത പഞ്ചായത്തിനുള്ള അവാർഡ് പൂതക്കുളം പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ ഹെൽത്ത് ഗ്രാന്റ് ഉപയോഗിച്ചാണ് കലയ്ക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ പബ്ലിക് ഹെൽത്ത് ലാബിലേക്ക് 16.8 ലക്ഷം രൂപ ചിലവിൽ ട്രൂനാറ്റ് പി.സി.ആർ മെഷീൻ വാങ്ങിയത്. ഇക്കഴിഞ്ഞ മാർച്ച് 20ന് പ്രവർത്തനമാരംഭിച്ച പി.സി.ആർ മെഷീനിൽ ഇതുവരെ പത്തോളം പേർക്കാണ് ക്ഷയരോഗ പരിശോധന നടത്തിയത്. ഒരേസമയം നാലുപേർക്ക് ടെസ്റ്റ് ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള ട്രൂനാറ്റ് പി.സി.ആർ മെഷീനിന്റെ പ്രത്യേകത ഒന്നരമണിക്കൂറിനുളളിൽ റിസൾട്ട് ലഭ്യമാകുമെന്നതാണ്. മെഷീന്റെ പ്രവർത്തനത്തിനായി നാല് ടെക്നീഷ്യന്മാരെ നിലവിൽ സി .എച്ച്. സി യിൽ നിയമിച്ചിട്ടുണ്ട്. ഇവരെല്ലാവരും എൻ.റ്റി.ഇ.പി ട്രെയിനിങ് ലഭിച്ചവരാണ്.
ചിറക്കര, ചാത്തന്നൂർ, നെടുമ്പന, ആദിച്ചനല്ലൂർ, പൊഴിക്കര, പരവൂർ മുനിസിപ്പാലിറ്റി, പൂതക്കുളം, മയ്യനാട് എന്നിവിടങ്ങളിലുള്ളവർക്ക് അതാത് ആരോഗ്യ കേന്ദ്രം മുഖേന സാമ്പിൾ നൽകി കലയ്ക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പരിശോധിക്കാവുന്ന രീതിയിലാണ് ക്ഷയരോഗ പരിശോധന ക്രമീകരിച്ചിരിക്കുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളേജ്, ജില്ലാ ടി.ബി സെൻറർ, ജില്ലാ പബ്ലിക് ഹെൽത്ത് ലാബ്, കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റൽ, പുനലൂർ താലൂക്ക് ഹോസ്പിറ്റൽ, ആശ്രാമം ഇ.എസ്.ഐ, പുതിയകാവ് ടി.ബി ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് ഇത് കൂടാതെ ജില്ലയിൽ പി.സി.ആർ മെഷീനുള്ളത്. കിടപ്പിലായ രോഗികൾക്കായി കലയ്ക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ സഞ്ചരിക്കുന്ന ലാബും പ്രവർത്തിക്കുന്നുണ്ട്. പൂതക്കുളം പഞ്ചായത്തിൽ 50 രൂപ നിരക്കിലും അടുത്ത പഞ്ചായത്തുകളിൽ ദൂരത്തിനനുസൃതമായി അധിക ചാർജോടുകൂടിയുമാണ് ഈ സേവനം ലഭ്യമാക്കി വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.