ഓയൂരിലെ ‘വഴിയിടം’ പദ്ധതി കെട്ടിടം മാലിന്യം തള്ളുന്ന
കേന്ദ്രമായപ്പോൾ
ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിലെ ഓയൂർ ചന്തയോട് ചേർന്നുള്ള 'വഴിയിടം' പദ്ധതിയുടെ കെട്ടിടം മാലിന്യം തള്ളുന്ന കേന്ദ്രമായി മാറി. ഒന്നര വർഷം മുമ്പ് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ചാണ് ഇവിടെ കെട്ടിടം പണിതത്. എന്നാൽ, ഇതുവരെ വെളിനല്ലൂർ പഞ്ചായത്ത് അധികൃതർക്ക് ഉദ്ഘാടനം നടത്താൻ സാധിച്ചിട്ടില്ല.
സമീപത്തായി ചന്തയും സ്വകാര്യ ബസ് സ്റ്റാൻഡുമാണെങ്കിലും ഇവിടേക്ക് ആരും തന്നെ വരാറില്ല. ഓയൂർ ജങ്ഷനിൽനിന്ന് 50 മീറ്റർ അകലെയാണ് 'ടേക്ക് എ ബ്രേക്ക്' എന്ന പേരിലുള്ള വഴിയിടം പദ്ധതി കെട്ടിടം സ്ഥിതി ചെയ്യുന്നത്.
ചന്തയുടെ പ്രവർത്തനം നടക്കാതെ വരുകയും സ്റ്റാൻഡിലേക്ക് ആൾക്കാർ വരാതെയാവുകയും ചെയ്തതോടെ ഈ കെട്ടിടം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാവുകയായിരുന്നു. പഞ്ചായത്തിലെ ഹരിത കർമസേനക്ക് മാലിന്യം ശേഖരിക്കാനുള്ള ഇടമായും കെട്ടിടം മാറി.
ഒരു കൂടിയാലോചനയും നടത്താതെയാണ് വെളിനല്ലൂർ പഞ്ചായത്തിന്‍റെ ഇടപെടലിൽ ചടയമംഗലം ബ്ലോക്ക് കെട്ടിടം നിർമിച്ചത് എന്ന് ആക്ഷേപമുണ്ട്. ചന്തയിലേക്കും സ്വകാര്യ ബസ് സ്റ്റാൻഡിലേക്കും ആൾക്കാർ എത്തുമെന്ന തീരുമാനത്തിലാണ് ഈ കെട്ടിടം പണിതത്. മാലിന്യം തള്ളുന്ന കേന്ദ്രമായി മാറിയ ഈ കെട്ടിടം ഇനി എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് വെളിനല്ലൂർ പഞ്ചായത്ത് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.